'ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ടത് വിദ്യാലയങ്ങളിലാണ്; ഗവർണറുടെ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും'

Friday 20 June 2025 2:30 PM IST

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കെതിരെ പുതിയ പോർമുഖം തുറന്ന് സർക്കാർ. ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ​ഭാരതാംബയെ വണങ്ങണമെന്ന് ഗവർണർ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ വർഷം പത്താം ക്സാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. പുതുക്കുന്ന അവസരത്തിൽ ഏതെല്ലാം ഭാഗത്ത് ഉൾപ്പെടുത്താൻ സാധിക്കുമോ,​ ആ ഭാഗത്തൊക്കെ തന്നെ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉൾപ്പെടുത്തുന്നതാണ്.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്. അത് ജീവിതത്തിൽ പകർത്താനാവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യുന്നു. രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർദ്ധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെക്കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആയതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിൽ ഈ കാര്യം പ്രത്യേകം തന്നെ ഉൾപ്പെടുത്തും'- മന്ത്രി അറിയിച്ചു.