പത്തനംതിട്ടയിൽ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റിലായി
പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിലായി. 21കാരിയായ അവിവാഹിതയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ യുവതി ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തയുടൻ കസ്റ്റഡിയിലെടുക്കുമെന്ന് ഇലവുംതിട്ട പൊലീസ് അറിയിച്ചിരുന്നു.
യുവതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. കാമുകനെയും ചോദ്യം ചെയ്യും. ചേമ്പിലയിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പിൽ നിന്ന് കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.
ചൊവ്വാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലെ മുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുമ്പോൾ തലയിടിച്ച് മരിച്ചെന്നാണ് വിലയിരുത്തൽ. ഗർഭിണിയാണെന്ന കാര്യം യുവതി കുടുംബാംഗങ്ങളോട് മറച്ചുവച്ചിരുന്നു. അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി ചികിത്സ തേടിയെങ്കിലും ആദ്യം പ്രസവിച്ച കാര്യം മറച്ചുവച്ചു. പിന്നീട് യുവതി ഇക്കാര്യം നഴ്സിനോടു സമ്മതിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.