അക്ഷരമധുരവുമായി അയ്യപ്പൻകാവിലെ അന്യസംസ്ഥാനക്കുട്ടികൾ

Saturday 21 June 2025 12:09 AM IST
അയ്യപ്പൻകാവ് ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ അന്യസംസ്ഥാന വിദ്യാർത്ഥികൾ വായനാദിനാഘോഷ ചടങ്ങിൽ

കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ എച്ച്.എസ്.എസിൽ വായനാവാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരമധുരം പരിപാടി അന്യസംസ്ഥാനത്തെ കുട്ടികളുടെ ചങ്ങമ്പുഴ, ഒ.എൻ.വി കവിതാ ആലാപന മാധുര്യത്താൽ ശ്രദ്ധേയമായി.

ജില്ലയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് അയ്യപ്പൻകാവ് ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ. ചങ്ങമ്പുഴയുടെ 'കാവ്യനർത്തകി', ഒ.എൻ.വിയുടെ 'ഭൂമിക്കൊരു ചരമഗീതം' എന്നീ കവിതകൾ രാജസ്ഥാൻ, ബീഹാർ, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ മനോഹരമായി ചൊല്ലി.

വായനാവാരാചരണം മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനും സീമറ്റ് ട്രെയിനറുമായ കെ.വി. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ സി.വി. അനിൽകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ടി.ജെ. ജിൻസി, അയ്യപ്പൻകാവ് ശ്രീനാരായണ സമാജം പ്രസിഡന്റ് സി.എം. ശോഭനൻ, സെക്രട്ടറി പി.ഐ. രാജീവ്, അസിസ്റ്റന്റ് സെക്രട്ടറി എ.പി. രഘുനന്ദനൻ, പി.ടി.എ പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണൻ, ഹെഡ് മിസ്ട്രസ് ലേഖ ലാൽ, ടി.എൻ. വിനോദ്, നിഷ നായർ, എസ്. കിരൺ, ജഗദീശൻ നായർ എന്നിവർ സംസാരിച്ചു.