സിനിമാക്കാർ സത്യവാങ്മൂലം നൽകണം; ലഹരി ഉപയോഗം തടയാൻ നിർമാതാക്കൾ, അമ്മയുടെ യോഗത്തിൽ ചർച്ചയാകും

Friday 20 June 2025 4:46 PM IST

കൊച്ചി: മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന കൊണ്ടുവന്ന നിർദ്ദേശങ്ങൾ അമ്മയുടെ യോഗത്തിൽ ചർച്ചയാകും. ഈ മാസം 22ന് കൊച്ചിയിൽ വച്ചാണ് അമ്മയുടെ ജനറൽ ബോഡി യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. സംഘടനയിലെ പുതിയ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുക്കും.

നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അടക്കം ഇടപെട്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരി ഉപയോഗം തടയാനുള്ള നടപടികൾ ഇനി വൈകേണ്ടതില്ല എന്ന തീരുമാനത്തിലാണ് നിർമാതാക്കളുടെ സംഘടന പുതിയ നിർദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നൽകണമെന്നാണ് നിർമാതാക്കളുടെ സംഘടന മുന്നോട്ടു വച്ചിരിക്കുന്നത്.

പുതിയ നിർദ്ദേശം സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും ബാധകമാകും.ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ പുതിയ നിബന്ധന നടപ്പിൽ വരുത്താനാണ് ആലോചന. പുതിയ നി‌ർദ്ദേശത്തിൽ ജൂൺ 24നകം മറുപടി അറിയിക്കണമെന്ന് നിർമാതാക്കൾ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പല തവണയായി പിടിയിലായിരുന്നു.

സിനിമാ ലൊക്കേഷനുകളിലും ചിത്രീകരണത്തിനും താമസ സ്ഥലങ്ങളിലും ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലമാണ് നൽകേണ്ടത്. നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതു മൂലമുള്ള ഭവിഷ്യത്തുകൾ കൊണ്ട് നിർമാതാവിനുണ്ടാകുന്ന നഷ്ടം പ്രസ്തുത വ്യക്തി നൽകേണ്ടി വരും എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ചിത്രത്തിൽ സഹകരിക്കുന്നവരുമായി ഒപ്പു വയ്ക്കുന്ന വേതന കരാറിന്റെ ഭാഗമായിക്കൂടിയാണ് സത്യവാങ്മൂലം നൽകേണ്ടത്. അതേസമയം, മോഹൻലാൽ തന്നെ സംഘടനയുടെ പ്രസിഡന്റായി തുടരുന്നത് സംബന്ധിച്ചുള്ള ചർച്ചകളും ഇതിനിടെ ഉയർന്നിരുന്നു.