കുർബാന സമവായം അനുവദിക്കില്ലെന്ന് സഭാനുകൂല വിശ്വാസികൾ

Saturday 21 June 2025 12:22 AM IST

കൊച്ചി: കുർബാന തർക്കത്തിൽ ഇടഞ്ഞുനിന്ന വൈദികർ സമവായത്തിന് വഴങ്ങിയെങ്കിലും സഭാനുകൂലികളായ വിശ്വാസികൾ എതിർപ്പുമായെത്തിയത് തലവേദനയാകും. ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂവെന്ന സിനഡ് തീരുമാനവും മാർപ്പാപ്പയുടെ നിർദ്ദേശവും ഒരു രൂപതയ്‌ക്കായി ഇളവ് നൽകുന്നത് നിയമവിരുദ്ധമെന്നാണ് വാദം.

കുർബാനത്തർക്കത്തിൽ സിറോമലബാർസഭയെ അനുകൂലിക്കുന്ന വിശ്വാസികളുടെ കൂട്ടായ്‌മയായ ഏകസഭ, ഏകകുർബാന സമവായത്തിൽ പ്രതിഷേധം അറിയിച്ചു. സമവായം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വൈദികരുമായുണ്ടാക്കിയ ധാരണ വത്തിക്കാൻ തള്ളിയതാണ്. അതിനാൽ വീണ്ടും നടപ്പാക്കാൻ കഴിയില്ല.

സഭയിലെ 34 രൂപതകളിലും നടപ്പാക്കിയ ഏകീകൃത കുർബാന ഒരു രൂപതയിൽ മാത്രം നടപ്പിലാക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ല. ഏകീകൃത കുർബാനയിൽ സ്വന്തമായി തീരുമാനമെടുത്ത് പ്രഖ്യാപിക്കാൻ മേജർ ആർച്ച് ബിഷപ്പിനും മെത്രാപ്പോലീത്തൻ വികാരിക്കും കഴിയില്ലെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, ടെൻസൻ പുള്ളക്കൽ, ആന്റണി പുതുശേരി, കുരിയാക്കോസ് പഴയമഠം എന്നിവർ അറിയിച്ചു.

വത്തിക്കാൻ അറിഞ്ഞെന്ന് വൈദികർ

കുർബാനത്തക്കർക്കം പരിഹരിക്കാൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ജോസഫ് പാപ്ലാനിയും നടത്തിൽ വൈദിക സമ്മേളനം ഫലപ്രദവും ക്രിയാത്മകവുമായിരുന്നെന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. സമ്മേളനത്തിൽ 315 വൈദികർ പങ്കെടുത്തു.

അദ്ധ്യക്ഷ പ്രസംഗത്തിൽ റാഫേൽ തട്ടിൽ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത വൈദികരോട് പറഞ്ഞു. സമവായധാരണകൾ സിനഡിന്റെയും വത്തിക്കാനിലെ പൗരസ്ത്യസഭാ കാര്യാലയത്തിൻറെയും അറിവോടും സമ്മതത്തോടെയും കൂടിയാണ്. കുർബാന പ്രശ്‌നങ്ങളിലെ ആകുലതകളും ഉത്കണ്ഠകളും വൈദികർ പങ്കുവച്ചു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുന്ന ഫോർമുല മെത്രാന്മാരും വൈദികരും തത്വത്തിൽ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.