പീറ്റർ, ദ പ്രിന്റർ ഡോക്ടർ!
കൊച്ചി: കമ്പനികൾ പോലും ഉപേക്ഷിച്ച ഡെസ്ക്‌ടോപ് പ്രിന്ററുകൾ പീറ്റർ ബെഞ്ചമിന്റെ കൈയിലെത്തിയാൽ ജീവൻ വയ്‌ക്കും. ലേസർ പ്രിന്ററുകൾക്ക് പുതുജീവനേകാൻ ഒരൊറ്റ 'ഡോക്ടർ" മാത്രമേ കേരളത്തിൽ ഉള്ളൂവെന്നതിനാൽ എറണാകുളം ചേരാനെല്ലൂർ സ്വദേശിയായ പീറ്ററിന് നിന്നുതിരിയാൻ സമയമില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓട്ടത്തിലാണ് ഈ 51കാരൻ.
കളമശേരി ലിറ്റിൽ ഫ്ലവർ ഐ.ടി.ഐയിൽ നിന്ന് ഇലക്ട്രോണിക്‌സിൽ ഡിപ്ലോമ നേടിയ പീറ്റർ, തിരുവനന്തപുരത്ത് സോണിയുടെ സർവീസ് സെന്ററിലാണ് ആദ്യം ജോലിക്ക് കയറിയത്. പിന്നാലെ എറണാകുളത്ത് സുഹൃത്തിനൊപ്പം കമ്പ്യൂട്ടറും മറ്റും സർവീസ് ചെയ്യുന്ന സ്ഥാപനത്തിലേക്കു മാറി. ഇവിടത്തെ ചീഫ് ടെക്‌നീഷ്യൻ മറ്റൊരു സ്ഥാപനത്തിൽ ചേക്കേറിയതോടെയാണ് പ്രിന്റർ റിപ്പയറിംഗിലേക്ക് തിരിഞ്ഞത്.
എറണാകുളത്ത് സ്വന്തമായി 'പസഫിക് സിസ്റ്റം" എന്ന പേരിൽ പ്രിന്റിംഗ് മെഷീൻ സർവീസ് ആരംഭിച്ചതോടെ ഈ രംഗത്ത് അറിയപ്പെടാൻ തുടങ്ങി. പ്രിന്റിംഗ് മെഷീനുകളുടെ തട്ടകമായ അലഹബാദിൽ നിന്നുവരെ സർക്യൂട്ട് ബോർഡുകളും മറ്റും റിപ്പയറിംഗിനായി പസഫിക് സിസ്റ്റത്തിൽ എത്തിയിരുന്നു.
അത്തനേഷ്യസും എൽസിയുമാണ് മാതാപിതാക്കൾ. ഭാര്യ: ബിനു ജേക്കബ്.
ഒറ്റദിവസം 19 മെഷീൻ ഒരു ദിവസം 19 പ്രിന്റിംഗ് മെഷീനുകളും 2 സ്‌കാനിംഗ് മെഷീനുകളും വരെ റിപ്പയർചെയ്തിട്ടുണ്ട് പീറ്റർ. പലരും സലാം വച്ചു പിൻമാറിയ മെഷീനുകളാണ് തന്റെ അടുത്തെത്തുന്നതിൽ ഭൂരിഭാഗവുമെന്നും പീറ്റർ പറയുന്നു. എവിടെയും നേരിട്ട് പോയി റിപ്പയർ ചെയ്യാൻ മടിയുമില്ല.
പാർട്സില്ലെങ്കിൽ ഉണ്ടാക്കും ഉപേക്ഷിക്കപ്പെടുന്ന പ്രിന്ററുകൾ പീറ്റർ വാങ്ങി സൂക്ഷിക്കും. റിപ്പയറിംഗിന് ആവശ്യമായ പാർട്സ് എടുക്കാനാണിത്. പല പ്രിന്ററുകളുടെയും ഘടകഭാഗങ്ങളും ഇപ്പോൾ വിപണിയിൽ കിട്ടാനില്ല. അവ പീറ്റർതന്നെ ഉണ്ടാക്കിയെടുക്കും. കഴുത്തറുപ്പൻ ചാർജ്ജ് ഇല്ലെന്നതും പീറ്ററിനെ തേടി ആളെത്തുന്നതിന് ഒരു കാരണമാണ്.
മുപ്പത് വർഷത്തിലധികമായി ഈ രംഗത്ത് ജോലി ചെയ്യുന്നു. കേടായ പ്രിന്റർ നന്നാക്കിയെടുത്ത് കൈമാറുമ്പോൾ തുടക്കത്തിൽ ഉണ്ടായിരുന്ന സന്തോഷം തന്നെയാണ് ഇപ്പോഴും. ഇതാണ് ഈ മേഖലയിൽ പിടിച്ചുനിറുത്തുന്നതും. -പീറ്റർ ബെഞ്ചമിൻ