രോഗമുക്തിയേകി യോഗ, പരിശീലകയായി ഉഷ
കളമശേരി: രോഗമകറ്റാൻ യോഗ പഠിച്ചു യോഗയിൽ വിജയ കിരീടം ചൂടിയ കഥയാണ് മഞ്ഞുമ്മൽ വള്ളൂരകത്തൂട്ട് വീട്ടിൽ ഉഷാ ഹരിഹരന് പറയാനുള്ളത്. 25-ാം വയസിൽ ബ്രോങ്കൈറ്റിസിന് ചികിത്സ തേടി പോയപ്പോഴാണ് മരുന്നിനൊപ്പം യോഗയും പരിശീലിക്കാൻ ഡോക്ടർ തന്നെ നിർദ്ദേശിച്ചുവിട്ടത്. രണ്ടാം തവണ ചെന്നപ്പോൾ യോഗ പഠനം തുടങ്ങിയില്ലന്നറിഞ്ഞ് ഡോക്ടർ ശാസിച്ചു, 'യോഗയില്ലെങ്കിൽ മരുന്നുമില്ല'. അങ്ങനെ യോഗയിലേക്ക്. ഫാക്ട് ജെ.എൻ.എം ആശുപത്രിയിലെ ഡോ. ബീന രാമദാസിന്റെ നിർദ്ദേശപ്രകാരം കണ്ട ഡോ.ഹരിയാണ് യോഗയിലേക്ക് വഴിതിരിച്ചുവിട്ട ഡോക്ടർ. ഇടപ്പള്ളിയിലെ ഭാസ്കരമേനോനാണ് യോഗ പരിശീലിപ്പിച്ചത്.
യോഗ തുടങ്ങി എട്ടുമാസത്തിനുള്ളിൽ രോഗം മാറി, മരുന്ന് ഉപേക്ഷിച്ചു. പുറംവേദനയും മാറി. അതോടെ യോഗപഠനം ഗൗരവമാക്കി. 99ൽ ടി.ടി.സി പാസായി. ജില്ല, സംസ്ഥാന തലങ്ങളിൽ നടന്ന യോഗ ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടി. 2000ൽ ഹൈദരാബാദിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക വ്യക്തി എന്ന പെരുമയും സ്വന്തമാക്കി. യോഗ സ്റ്റേജ് മാനേജ്മെന്റിലും ജഡ്ജ്മെന്റിലും പരിശീലനം നേടി . 2015ൽ ഇന്ത്യൻ യോഗ ഫെഡറേഷൻ ജഡ്ജ് ആകാനുള്ള പരീക്ഷ പാസായി. 2009ൽ കേരള യോഗ അസോസിയേഷന്റെ ഒരു വർഷ കോഴ്സ് ചെയ്ത് ഡിപ്ലോമയും 2021ൽ യോഗ തെറാപ്പി എം.എസ്‌സിയും എടുത്തു. തായിതെറാപ്പിയും വശമാക്കി.
സംസ്ഥാനത്തിനകത്തും പുറത്തും നൂറിൽപ്പരം വേദികളിൽ വിധികർത്താവായിട്ടുണ്ട്. സ്വന്തമായി നടത്തുന്ന ശ്രീ മുരുകാ യോഗ സെന്റർ കൂടാതെ വിവിധ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും യോഗ ക്ലാസുകൾ നൽകുന്നു. യു.എസ്.എ, യു.കെ, യു.എ.ഇ, ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ കുടുംബങ്ങൾക്ക് വേണ്ടി ഓൺലൈൻ ക്ലാസുകളും നൽകുന്നു.
ഫാക്ടിലെ ജീവനക്കാരനായ ഹരിഹരനാണ് ഭർത്താവ്. മക്കൾ: ഗോകുൽ ഹരി (കാനഡ), ഗൗതം ഹരി (എം.എസ്സി വിദ്യാർത്ഥി )