തരൂരിന്റെ പരാമർശങ്ങൾ അവഗണിക്കാൻ കോൺഗ്രസ്

Saturday 21 June 2025 1:11 AM IST

തിരുവനന്തപുരം: തന്നെ ആരും ക്ഷണിക്കാഞ്ഞതിനാലാണ് നിലമ്പൂർ പ്രചാരണത്തിന് പോകാതിരുന്നതെന്നും ,കെ.പി.സി.സി നേതൃത്വവുമായി ചില പ്രശ്നങ്ങളുണ്ടെന്നും പാർട്ടി

വർക്കിംഗ് കമ്മിറ്റിയംഗം ശശി തരൂർ നടത്തിയ പരാമർശങ്ങൾ അവഗണിക്കാൻ കോൺഗ്രസ് നേതൃത്വം. ഇതേക്കുറിച്ച് പരസ്യ പ്രസ്താവനകൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് നൽകിയ നിർദ്ദേശം.

വീണ്ടും വിദേശ പര്യടനത്തിന് പുറപ്പെടുന്ന തരൂർ , എ.ഐ.സി.സി അദ്ധ്യക്ഷനെയും രാഹുൽ ഗാന്ധിയെയും കാണുമെന്നാണ് സൂചന. വിദേശകാര്യ പാർലമെന്ററി സമിതി അദ്ധ്യക്ഷനെന്ന നിലയ്ക്കാണ് യു.കെ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടാഴ്ച നീളുന്ന പര്യടനത്തിന് പോകുന്നത്. നയതന്ത്രതല കൂടിക്കാഴ്ചകളും നടത്തും.പാർട്ടിയുടെ അനുമതി തേടാതെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. നിലമ്പൂരിലെ വോട്ടെടുപ്പ് ദിവസം തന്നെ കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് തരൂർ പരസ്യമായി പറഞ്ഞതിൽ ഹൈക്കമാൻഡിന് അമർഷമുണ്ട്. അതേ സമയം താൻ എങ്ങോട്ടും പോകില്ലെന്നും കോൺഗ്രസ് അംഗമാണെന്നും തരൂർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പാർട്ടി നയങ്ങൾക്ക് അതീതമായി നിരന്തരം പ്രവർത്തിക്കുന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ പ്രകോപനമുണ്ടാക്കുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്.

രണ്ട് മാസം മുമ്പ് ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷനുമായും രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ തനിക്കുള്ള ചില അസംതൃപ്തികൾ തരൂർ വിശദമാക്കുകയും പാർട്ടിയുടെ താത്പര്യത്തിനെതിരെ ഒന്നുമുണ്ടാവില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. തീർത്തും സൗഹാർദ്ദപരമായിരുന്നു കൂടിക്കാഴ്ച. തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ കോൺഗ്രസിൽ നിന്ന് വേറിട്ട നിലപാടാണ് തരൂർ സ്വീകരിച്ചത്. ഇതിലും ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.