സെഞ്ച്വറി നേടി കരുത്തുകാട്ടി ജെയ്‌സ്വാൾ, നായകനായി കന്നി ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറിയുമായി ഗിൽ, ഇന്ത്യ ഭേദപ്പെട്ട നിലയിൽ

Friday 20 June 2025 8:27 PM IST

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ളണ്ട് അഞ്ച് മത്സര ടെസ്‌റ്റ് പരമ്പരയിലെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. അടുത്ത ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കുവേണ്ടി യശസ്വി ജെയ്‌സ്വാൾ സെഞ്ച്വറിയും നായകൻ ശുഭ്‌മാൻ ഗിൽ അർദ്ധ സെഞ്ച്വറിയും നേടി. കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ് ജെയ്‌സ്വാൾ ഇന്ന് ഹെഡിംഗ്‌ലിയിൽ ജെയ്‌സ്വാൾ നേടിയത്. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ജെയ്‌സ്വാളും കെ എൽ രാഹുലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. അർദ്ധസെഞ്ച്വറി കൂട്ടുകെട്ട് നേടിയശേഷം സ്‌കോർ 91ൽ നിൽക്കെയാണ് രാഹുൽ പുറത്തായത്. 78 പന്തുകളിൽ എട്ട് ബൗണ്ടറികളുടെ അകമ്പടിയിൽ 42 റൺസ് ആണ് രാഹുൽ നേടിയത്.

പിന്നാലെ ആദ്യ മത്സരത്തിനിറങ്ങിയ സായ് സുദർശൻ നേരിട്ട നാലാം പന്തിൽ പുറത്തായി (0). രാഹുലിനെ കാർസ് പുറത്താക്കിയപ്പോൾ സായ് സുദർശന്റെ വിക്കറ്റ് നേടിയത് ഇംഗ്ളണ്ട് നായകൻ ബെൻ സ്‌റ്റോക്‌സ് ആയിരുന്നു. 144 പന്തുകളിലാണ് ജെയ്‌സ്വാൾ സെഞ്ച്വറി പൂർത്തിയാക്കിയത്. 16 ബൗണ്ടറികളും ഒരു സിക്‌സറും താരം പറത്തി. ചായസമയത്ത് പിരിയുമ്പോൾ ഇന്ത്യ 51 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 215 റൺസ് നേടി. ജെയ്‌സ്വാൾ (100), ഗിൽ (58) എന്നിവരാണ് ക്രീസിൽ.

കൊഹ്‌ലി, രോഹിത്ത് ശർമ്മ, അശ്വിൻ തുടങ്ങി അനുഭവപരിചയമുള്ള താരങ്ങൾ വിരമിച്ചശേഷം ഇന്ത്യയുടെ ആദ്യ വിദേശപര്യടനമാണ് ഇത്. കെ.എൽ രാഹുൽ,രവീന്ദ്ര ജഡേജ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ,സിറാജ് തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം യശസ്വി ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി,സായ് സുദർശൻ തുടങ്ങിയ യുവതാരങ്ങളും ഇന്ന് ടീമിലുണ്ട്. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കരുൺ നായരും ഇന്ന് പ്ളേയിംഗ് ഇലവനിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്‌ചവച്ചതാണ് കരുണിന്റെ മടങ്ങിവരവിലേക്ക് നയിച്ചത്.