ശുചീകരണ തൊഴിലാളി സഹായ വാർഡൻ ചട്ടം വികലമെന്ന് ആക്ഷേപം

Saturday 21 June 2025 12:33 AM IST

തിരുവനന്തപുരം: നഗരസഭ ,കോർപ്പറേഷനുകളിൽ ജോലിചെയ്യുന്ന ശുചീകരണ വിഭാഗം ജീവനക്കാരെ സ്‌പെഷ്യൽ സർവീസ് റൂളിനു കീഴിൽ കൊണ്ടുവരാനുള്ള സഹായ വാർഡൻ 2025 കരട് ചട്ടം അശാസ്ത്രീയവും വികലവുമാണെന്ന് ആക്ഷേപം. ഒരു സ്ഥാപനത്തിൽ രണ്ടുതരം നിയമം നടപ്പാക്കുന്നതിൽ നീതീകരണമില്ലെന്ന് കേരള മുനിസിപ്പാലിറ്റി കോർപ്പറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ശുചീകരണ വിഭാഗം ജീവനക്കാരെ സ്‌പെഷ്യൽ സർവീസ് റൂളിനു കീഴിൽ കൊണ്ടുവന്നാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. സ്റ്റാഫുകൾക്ക് സ്പാർക്ക് വഴി ശമ്പളം നല്കികഴിയുമ്പോൾ സാമ്പത്തിക ഭദ്രതയില്ലാത്ത മഹാഭൂരിപക്ഷം നഗരസഭകളിലെ കണ്ടിജന്റ് ജീവനക്കാർക്ക് പെൻഷനും ശമ്പളവും നൽകാൻ കഴിയില്ല.

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വിളിച്ചുചേർത്ത യോഗം കേരള മുനിസിപ്പാലിറ്റി കോർപ്പറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. രമേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വേണു, ജില്ലാ പ്രസിഡന്റ് മേരി പുഷ്പം, സംസ്ഥാന സെക്രട്ടറി ഉദയകുമാർ കെ.എൽ എന്നിവർ ബഹിഷ്കരിച്ചു.