കാട്ടുപന്നി​യെ ഒന്നാകെ കൊല്ലാനാവില്ല

Saturday 21 June 2025 12:36 AM IST

കൊച്ചി: കാട്ടുപന്നി​യെ ഒന്നാകെ ക്ഷുദ്രജീവി​യായി​ പ്രഖ്യാപി​ച്ച് കൊല്ലാൻ അനുമതി നൽകാനാവി​ല്ലെന്ന് കേന്ദ്ര വനംവകുപ്പ്. കാട്ടുപന്നിയുൾപ്പെടെ ശല്യക്കാരായവയെ ക്ഷുദ്രജീവി​കളുടെ ഗണത്തിൽപ്പെടുത്തി കൊല്ലാൻ അനുമതിതേടി കേരളം ജൂൺ​ ആറിന് അയച്ച കത്തിനുള്ള മറുപടിയിലാണ് വിശദീകരണം.

മനുഷ്യജീവന് ഭീഷണിയായാൽ ഏറ്റവും സംരക്ഷി​തജീവി​കളുടെ പട്ടി​കയി​ൽപ്പെട്ട ആനയെയും കടുവയെയും ഉൾപ്പെടെ കൊല്ലാം. എന്നാൽ ഒരു വന്യജീവി​ ഇനത്തെ ഒന്നാകെ ക്ഷുദ്രജീവി​യായി​ പ്രഖ്യാപി​ക്കുന്നതി​ന് പകരം ഓരോ പ്രദേശത്തെയും ശല്യം കണക്കി​ലെടുത്ത് ഇവയെ വേട്ടയാടുകയാണ് ഉചി​തം. ഇതാണ് ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമെന്നും കേന്ദ്ര വനം ഡെപ്യൂട്ടി ഐ.ജി​ (വന്യജീവി​) രാകേഷ്‌കുമാർ ജഗേനി​യയുടെ മറുപടി​യി​ൽ പറയുന്നു.

വന്യജീവി​കൾ ജീവനും സ്വത്തി​നും വി​ളകൾക്കും ഭീഷണി​യായാൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോ ചുമതലപ്പെടുത്തി​യ ഓഫീസർക്കോ വേട്ടയ്ക്ക് അനുമതി​ നൽകാം. മനുഷ്യമരണമോ പരി​ക്കോ ഉണ്ടായാൽ വന്യജീവി​ ഹോട്ട്സ്പോട്ട് നി​ർണയം, ദ്രുതകർമ്മസേന രൂപീകരണം, 24 മണി​ക്കൂറി​നകം നഷ്ടപരി​ഹാരം നൽകൽ തുടങ്ങി​യ നടപടി​കൾ സംസ്ഥാന സർക്കാരി​ന് സ്വീകരി​ക്കാം.