നിലമ്പൂർ ഉപതിരഞ്ഞ‍ടുപ്പ് മനക്കോട്ട കെട്ടി മുന്നണികൾ

Friday 20 June 2025 11:11 PM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ട് പെട്ടിയിലായതോടെ മനക്കോട്ട കെട്ടുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും. മഴ മാറിനിന്ന് മാനം തെളിഞ്ഞതോടെ കണക്കുകൂട്ടലുകളെ തെറ്റിച്ച പോളിംഗാണ് നിലമ്പൂരിൽ കണ്ടത്. 75.27 ശതമാനമാണ് പോളിംഗ്. ആകെ 2,32,057 വോട്ടർമാരിൽ 1,74,667 പേർ വോട്ട് വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടർമാരിൽ 81,007ഉം 1,18,750 സ്ത്രീകളിൽ 93,658ഉം എട്ട് ട്രാൻസ്‌ജെൻഡേഴ്സിൽ രണ്ട് പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. പരമാവധി 72 - 73 ശതമാനം പോളിംഗാണ് മുന്നണികൾ കണക്കുകൂട്ടിയിരുന്നത്. ഇത് മറികടന്നതോടെ പ്രതീക്ഷയും ആശങ്കയും ഒരുപോലെയുണ്ട്.

ഭൂരിപക്ഷം കണക്കുകൂട്ടി യു.ഡി.എഫ്

മികച്ച പോളിംഗിന് പിന്നാലെ വിജയം അവകാശപ്പെട്ട് മുന്നണികളും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറും രംഗത്തുണ്ട്. 12,​000ത്തിനും 15,​000നും ഇടയിലെ ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചാൽ ഭൂരിപക്ഷം 20,​000 കടക്കും. ഏഴിൽ ആറ് പഞ്ചായത്തുകളിൽ ലീഡുണ്ടാവുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്. നിലമ്പൂർ നഗരസഭയിൽ ആയിരം വോട്ടിന്റെ ലീഡാണ് മനസ്സിൽ. പഞ്ചായത്ത് കമ്മിറ്റികൾ നൽകിയ കണക്കുകൾ പ്രകാരം വഴിക്കടവിൽ 3,​000 വോട്ടിന്റെ എങ്കിലും ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. മൂത്തേടം - 2,​500,​ നിലമ്പൂർ മുനിസിപ്പാലിറ്റി - 2,000, എടക്കര - 1,​000,​ ചുങ്കത്തറ 1,​000,​ പോത്തുകല്ല് - 1,500 വോട്ട്,​ അമരമ്പലം - 500 വോട്ട് എന്നിങ്ങനെയാണ് മുന്നിൽകാണുന്നത്. കരുളായിയിൽ 500 വോട്ടിന് പിറകിൽ പോവാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്. മുന്നണി വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. യു.ഡി.എഫിലെ ഐക്യം മൂലം എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി പ്രവർത്തിക്കാൻ കഴിഞ്ഞെന്നതും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. പുതുതായി ചേർത്ത ഏഴായിരത്തോളം വോട്ടിൽ ഭൂരിഭാഗവും അനുകൂലമായി പോൾ ചെയ്തെന്നുമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.

ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ്

നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയം ഉറപ്പെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. 2,000 വോട്ടിനുള്ളിൽ ഭൂരിപക്ഷം ലഭിക്കും. വഴിക്കടവ്, എടക്കര, മൂത്തേടം പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നിലെത്തും. പോത്തുകല്ല്, കരുളായി, അമരമ്പലം, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ യു.ഡി.എഫിനെ മറികടക്കും. സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിന് ന്യൂനപക്ഷങ്ങൾക്കിടയിൽ അടക്കം വലിയ സ്വീകാര്യത ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയോടുള്ള നിഷേധ വോട്ടും സ്വരാജിന് കിട്ടിയിട്ടുണ്ട്. യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി ബന്ധം ചർച്ചയായതോടെ മതേതര വോട്ടുകളെ ഏകീകരിപ്പിക്കാനായെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ തവണ യു.ഡ‌ി.എഫിനെ കാര്യമായി തുണച്ച മൂത്തേടത്ത് ഇത്തവണ അവർക്ക് വോട്ട് വിഹിതം കുറയും. 823 വോട്ടിന്റെ ലീഡേ ലഭിക്കൂ. വഴിക്കടവിൽ ആയിരം വോട്ടിന്റെ മുൻതൂക്കം ലഭിച്ചേക്കും. എന്നാൽ എടക്കരയിൽ - 300,​ ചുങ്കത്തറ 694 എന്നിങ്ങനെ വോട്ടിന്റെ ഭൂരിപക്ഷമേ യു.ഡി.എഫിന് ഉണ്ടാവൂ എന്നാണ് എൽ.ഡി.എഫിന്റെ കണക്ക്. നിലമ്പൂർ‌,​ പോത്തുകല്ല്,​ അമരമ്പലം,​ കരുളായി എന്നിവിടങ്ങളിൽ 1,​000ത്തിനും 1,​300നും ഇടയിലെ ഭൂരിപക്ഷം എം.സ്വരാജിന് ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.

തുറുപ്പുചീട്ടാവുമോ അൻവർ

അൻവർ അഞ്ച് മുതൽ പത്ത് ശതമാനം വരെ വോട്ട് പിടിക്കുമെന്നാണ് മുന്നണികളുടെ കണക്കൂകൂട്ടൽ. അതേസമയം 20,​000 വോട്ടെങ്കിലും ലഭിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം. വഴിക്കടവ് പഞ്ചായത്തിൽ ഏഴായിരം വോട്ട് പിടിക്കും. മൂത്തേടം - 3,​500, അമരമ്പലം 2,000, ചുങ്കത്തറ - 3,​500, എടക്കര -2,​000, പോത്തുകല്ല് - 2,​000, കരുളായി - 3,​500, നിലമ്പൂർ നഗരസഭ - 3,​000 എന്നിങ്ങനെ വോട്ടുകൾ പിടിക്കുമെന്നാണ് അൻവർ ക്യാമ്പ് ചൂണ്ടിക്കാട്ടുന്നത്. 5,​000 വോട്ട് എസ്.ഡി.പി.ഐ പിടിച്ചേക്കും. അതേസമയം കഴിഞ്ഞ തവണ പിടിച്ച വോട്ട് നിലനിറുത്താനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്. വോട്ടിൽ അടിയൊഴുക്ക് ഉണ്ടായെന്ന് പ്രചാരണങ്ങളെ എൻ.ഡി.എ നിഷേധിക്കുന്നുണ്ട്.