വള്ളസദ്യക്കൊരുങ്ങി ആറന്മുള
കോഴഞ്ചേരി : ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വള്ളസദ്യ വഴിപാട് ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെ നടക്കും . ഈ വർഷം ഇതുവരെ 370 വള്ളസദ്യകൾ ബുക്ക് ചെയ്തുകഴിഞ്ഞു. 500 സദ്യകളാണ് സേവാസംഘം ലക്ഷ്യമിടുന്നത്. 15 ഊട്ടുപുരകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. 64 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുക .'44 വിഭവങ്ങൾ ഇലയിൽ വിളമ്പും. 20 എണ്ണം പള്ളിയോടക്കരക്കാർ ഊട്ടുപുരയിൽ പാടിച്ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ വിളമ്പി നൽകും. സദ്യ നടത്തിപ്പിനായി അംഗീകൃത സദ്യ കോൺട്രാക്ടറുമാരെ അപേക്ഷ സമർപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ട്. വഴിപാടുകാരന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന ബന്ധുമിത്രാദികൾക്കും പള്ളിയോട കരക്കാർക്കുമാണ് വള്ളസദ്യയിൽ പങ്കെടുക്കാൻ അനുവാദം. സദ്യാലയത്തിൽ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഭഗവാൻ പള്ളിയോടക്കരക്കാർക്കൊപ്പം സദ്യയിൽ പങ്കെടുക്കുന്നുവെന്ന വിശ്വാസത്തോടെ നടത്തപ്പെടുന്ന വള്ളസദ്യ ആറന്മുളയുടെ മാത്രം ആചാരപ്പരുമയാണ്
വള്ളസദ്യയുടെ നടത്തിപ്പിലേക്കായി 25 അംഗ കമ്മിറ്റി രൂപികരിച്ചു. . ജനറൽ കൺവീനർ എം.കെ. ശശികുമാർ കുറുപ്പ് , ജോയിന്റ് കൺവീനർ ബി. കൃഷ്ണകുമാർ, ശശികുമാർ മാലക്കര, ഭരത് വാഴുവേലിൽ, രത്നാകരൻ നായർ, ചെറുകോൽ, പ്രസന്നകുമാർ, തൈമുറവുംകര,എന്നിവർ നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ, വൈസ് പ്രസിഡന്റ് കെ. എസ്. സുരേഷ് , ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ് , ഖജാൻജി രമേഷ് മാലിന്മേൽ എന്നിവർ അറിയിച്ചു. വള്ളസദ്യ ബുക്കിംഗിന് 8281113010 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.