തെരുവുനായ ആക്രമണം: അഭിഭാഷകയ്ക്ക് പരിക്ക്

Friday 20 June 2025 11:42 PM IST

റാന്നി: റാന്നി മുൻസിഫ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ അഭിഭാഷകയെ തെരുവുനായ ആക്രമിച്ചു. തുലാപ്പള്ളി സ്വദേശിനി നിമ്മി ആനി തോമസിനാണ് കടിയേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ താലൂക്ക് ഓഫീസിന് മുന്നിലാണ് സംഭവം. നിമ്മിയെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ് നൽകി. റാന്നി സിവിൽ സ്റ്റേഷൻ പരിസരം തെരുവുനായ്ക്കളുടെ പ്രധാന താവളമായി മാറിയിരിക്കുകയാണ്. താലൂക്ക് ഓഫീസിന് മുന്നിലെ കാർ പോർച്ച്, ഷെഡ്, ഫയർ സ്റ്റേഷൻ പരിസരം, ഒന്നാം ബ്ലോക്കിലെ കാർപോർച്ച്, വരാന്ത എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. പൊതുജനങ്ങളും ജീവനക്കാരും നായ്ക്കളുടെ ശല്യം കാരണം ഭയത്തോടെയാണ് നടക്കുന്നത്.

സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് കേരള കൗമുദി നേരത്തെ വാർത്ത നൽകിയിരുന്നെങ്കിലും അധികൃതർ ഇത് ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഈ അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യങ്ങളും നായ്ക്കൾ പെരുകാൻ കരാണമെന്ന് പരാതിയുണ്ട്. ജീവനക്കാർ ഉപേക്ഷിക്കുന്ന ഭക്ഷണ മാലിന്യങ്ങൾ കഴിക്കാൻ തെരുവുനായ്ക്കൾ കടിപിടി കൂടുന്ന കാഴ്ചയും ഇവിടെ കാണാം.

സർക്കാർ വകുപ്പുകളെല്ലാം ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കു

.

സുമേഷ് , സാമൂഹിക പ്രവർത്തകൻ