വോട്ടർമാരുടെ എണ്ണം 1200 ആക്കി പോളിംഗ് ബൂത്ത് ക്രമീകരിക്കും : ജില്ലാ കളക്ടർ

Friday 20 June 2025 11:42 PM IST

പത്തനംതിട്ട : 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി ജില്ലയിൽ പോളിംഗ് ബൂത്തുകൾ പുനഃക്രമീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. 1100 ഉം അതിൽ കൂടുതലും വോട്ടർമാരുള്ള ബൂത്തുകൾ ക്രമീകരിച്ചാൽ മാത്രമേ 1200ൽ പരിമിതപ്പെടുത്താൻ കഴിയൂ.

പുനഃക്രമീകരിക്കുന്ന പോളിംഗ് ബൂത്തുകൾ അതേ സ്ഥാപനത്തിൽ തന്നെ ക്രമീകരിക്കുന്നതിനും സ്ഥല സൗകര്യം ലഭ്യമല്ലാത്ത ഇടങ്ങളിൽ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പുതിയ പോളിംഗ് ബൂത്ത് ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

പുതുതായി ക്രമീകരിക്കുന്ന ബൂത്തുകൾ വില്ലേജ് ഓഫീസർ, ബി.എൽ.ഒ, ബി.എൽ.എ എന്നിവർ അടങ്ങുന്ന സംഘം കണ്ടെത്തേണ്ടതും ബന്ധപ്പെട്ട ഇ.ആർ.ഒ മാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അറിയിച്ചു.

1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണയോ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പാടില്ല. ഇക്കാര്യം ബോധപൂർവം മറച്ചുവച്ച് മറ്റ് സ്ഥലങ്ങളിൽ വോട്ടർപട്ടിയിൽ പേര് ചേർക്കുന്നത് വകുപ്പ് 31 പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നിലവിൽ ഇത്തരത്തിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ബി.എൽ.എമാരുടെ നിയമനം പൂർത്തിയാക്കാത്ത മണ്ഡലങ്ങളിൽ ബി.എൽ.എമാരെ നിയമിച്ച് രാഷ്ട്രീയ പാർട്ടികൾ ലിസ്റ്റ് ഇ.ആർ.ഒമാർക്ക് ലഭ്യമാക്കണമെന്നും കളക്ടർ അറിയിച്ചു.

കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, എ.അബ്ദുൽ ഹാരിസ്, വി.കെ പുരുഷോത്തമൻപിള്ള, ആർ.ജയകൃഷ്ണൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനീഫ്, ഇ.ആർ.ഒമാരായ സുമിത്ത് കുമാർ താക്കൂർ, മിനി തോമസ്, ആർ. ശ്രീലത, എം. ബിപിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.