മലയോര ജീവിതം ദുരിതം സഹികെട്ട് നാട്ടുകാർ
റാന്നി: വന്യജീവി ശല്യവും യാത്രാക്ലേശവും മൂലം വലഞ്ഞ് നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ മേഖല . തുടർച്ചയായ ദുരിതങ്ങളെത്തുടർന്ന് സ്വന്തം ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട അവസ്ഥയിലാണിവർ. കാട്ടുപന്നി, ആന, കടുവ, പുലി തുടങ്ങിയവയുടെ ആക്രമണം മിക്കപ്പോഴുമുണ്ട്. വന്യമൃഗങ്ങൾ കാർഷിക വിളകൾ വൻതോതിൽ നശിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇവിടെയുണ്ടായത്.
റോഡുകളുടെ ശോചനീയാവസ്ഥയാണ് മറ്റൊരു പ്രശ്നം. തകർന്നുകിടക്കുന്ന റോഡുകൾ മഴക്കാലത്ത് ചെളിക്കുണ്ടായി മാറും. അടിയന്തര സാഹചര്യങ്ങളിൽ, രോഗികളെ ആശുപത്രികളിലെത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കുട്ടികൾക്ക് സ്കൂളുകളിൽ എത്താൻ സമയത്തിന് ബസുകൾ കിട്ടാറില്ല. ജീവിക്കാൻ ബുദ്ധിമുട്ടായതോടെ പല കുടുംബങ്ങളും ഈ പ്രദേശങ്ങൾ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറാനൊരുങ്ങുകയാണ്.
നാട്ടുകാർ ആവശ്യപ്പെടുന്നത്
@ വന്യജീവികളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റി നിർത്താനുള്ള ശാശ്വത പരിഹാരങ്ങൾ കണ്ടെത്തണം
@ വന്യജീവി ആക്രമണങ്ങളിൽ നഷ്ടം സംഭവിക്കുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണം.
@ റോഡുകൾ നന്നാക്കി ഗതാഗത സൗകര്യം മെച്ചപ്പെടുത്തണം
@ നാറാണംമൂഴി പഞ്ചായത്ത് ഭരണസമിതി പ്രശ്നത്തിൽ ഇടപെടണം.
---------------
"ഇവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. കൃഷി ചെയ്താൽ വന്യജീവികൾ നശിപ്പിക്കും. കുട്ടികളെ സ്കൂളിലയയ്ക്കാൻ പോലും പേടിയാണ്. ,"
രാജേഷ്
പ്രദേശവാസി