ക്യാപ്റ്റനായി അരങ്ങേറ്റം സെഞ്ച്വറി നേട്ടത്തോടെ ഗംഭീരമാക്കി ഗിൽ, ഒപ്പം ജയ്‌സ്വാളും, ഇംഗ്ളണ്ടിൽ ഇന്ത്യൻ ആധിപത്യം
ലീഡ്‌സ്: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരകളിലെ ആദ്യമത്സരത്തിന്റെ ഒന്നാം ദിനം പൂർണ ഇന്ത്യൻ ആധിപത്യം. ഹെഡിംഗ്‌ലിയിൽ ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഒരു ഘട്ടത്തിലും ബൗളിംഗിൽ വിറപ്പിക്കാൻ ഇംഗ്ളണ്ട് ടീമിനായില്ല. സെഞ്ച്വറി നേടി ഇന്ത്യയുടെ വരവറിയിച്ച ഓപ്പണർ യശസ്വി ജെയ്‌സ്വാളിനൊപ്പം നായകനായി കന്നി മത്സരം ഗംഭീരമാക്കുകയായിരുന്നു ശുഭ്‌മാൻ ഗില്ലും. ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 359 എന്ന നിലയിലാണ്. നായകൻ ഗില്ലും (127), വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും (65) ആണ് പുറത്താകാതെ നിൽക്കുന്നത്.
നേരത്തെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ജയ്‌സ്വാളും കെ എൽ രാഹുലും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തു. 42 റൺസ് നേടിയ രാഹുൽ കാർസിന്റെ പന്തിൽ റൂട്ട് പിടിച്ച് പുറത്താകുകയായിരുന്നു. തൊട്ടടുത്ത് കന്നി മത്സരം കളിച്ച സായ് സുദർശൻ ബെൻ സ്റ്റോക്‌സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജേമി സ്‌മിത്ത് പിടിച്ച് പുറത്തായി. പിന്നീട് നായകൻ ഗില്ലുമായി ചേർന്ന് ജയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്. ചായ സമയത്തിന് ശേഷം സെഞ്ച്വറി നേടിയ ഉടൻ ജയ്‌സ്വാളിനെ സ്റ്റോക്‌സ് ബൗൾഡാക്കി (101). എന്നാൽ പിന്നീട് പന്തുമായി ചേർന്ന് 138 റൺസിന്റെ മികച്ച കൂട്ടുകെട്ട് ഗിൽ തീർത്തു. ഇംഗ്ളണ്ടിനായി നായകൻ സ്റ്റോക്‌സ് 43 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും കാർസ് 70 റൺസ് വഴങ്ങി ഒരുവിക്കറ്റും നേടി.