തീരസംരക്ഷണ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

Saturday 21 June 2025 12:17 AM IST

തിരുവനന്തപുരം: ദേശീയ തലത്തിൽ തീരദേശ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

സംസ്ഥാനത്തും ദേശീയ തലത്തിലും തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശ പശ്ചാത്തല വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ സംയുക്തമായി പ്രവർത്തിക്കുന്നതിനാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്. ദേശീയ തീരദേശ ഗവേഷണ സെന്റർഡീപ് ഓഷ്യൻ മിഷൻ ഡയറക്ടർ ഡോ. എം.വി. രമൺ മൂർത്തിയും, സംസ്ഥാന തീരദേശ കോർപ്പറേഷൻമാനേജിംഗ് ഡയറക്ടർ പി.ഐ. ഷേയ്ക്ക് പരീതും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തീരപരിപാലനത്തിനും, തീരസംരക്ഷണത്തിനും അനുയോജ്യമായ പഠനങ്ങൾ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡാറ്റാ ശേഖരണം, തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതി രൂപകൽപ്പന, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള സാമൂഹിക സൗകര്യങ്ങളുടെ വികസനം എന്നിവയും ഇതിൽപ്പെടുന്നു.