മഞ്ഞുമ്മൽ ബോയ്സ് കേസ്: സമയം 27 വരെ നീട്ടി
Saturday 21 June 2025 12:23 AM IST
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുന്നതിന് നിർമ്മാതാക്കൾക്ക് ഹൈക്കോടതി സാവകാശം അനുവദിച്ചു. സിനിമ നിർമ്മിച്ച പറവ ഫിലിംസിന്റെ പാർട്ണർമാരായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയാണ് മരട് പൊലീസ് പ്രതിചേർത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ഇവർക്ക് കോടതി 27വരെയാണ് സമയം നീട്ടി നൽകിയത്. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നേരത്തേ അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ, മുൻകൂർ ജാമ്യഹർജി ഇതിനകം വാദത്തിനെടുക്കാത്ത സാഹചര്യത്തിലാണ് കോടതി സമയം നീട്ടിനൽകിയത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.