തകരാർ ലോകമറിഞ്ഞു, വിൽപ്പനയെ ബാധിക്കും, അമേരിക്കൻ വിമാനത്തിന് തലസ്ഥാനത്ത് ശനിദശ

Saturday 21 June 2025 1:24 AM IST

തിരുവനന്തപുരം: എഫ്-35,​ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളിൽ ലോകത്തിൽ മികച്ചതെന്ന് അമേരിക്കൻ അവകാശവാദം. പക്ഷേ,​ ഇംഗ്ളണ്ട് വാങ്ങിയ എഫ്-35 തകരാറിലായി തിരുവനന്തപുരത്ത് കിടപ്പുതുടങ്ങിയിട്ട് ഒരാഴ്ചയാവുന്നു. ഗുരുതര ഹൈഡ്രോളിക് തകരാറാണ്.

ഏറ്റവും വിലയുള്ള സ്റ്റെൽത്ത് ഫൈറ്ററാണ്. ഒന്നിന് 115ദശലക്ഷംഡോളർ (995 കോടിരൂപ). ഫെബ്രുവരിയിൽ മോദിയുടെ യു.എസ് സന്ദർശനത്തിൽ ഇന്ത്യയ്ക്ക് എഫ്-35 നൽകാൻ ട്രംപ് സന്നദ്ധത അറിയിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് അടിയന്തരമായി നിലത്തിറക്കിയത്. ബ്രിട്ടീഷ് എൻജിനിയർമാർ കിണഞ്ഞുശ്രമിച്ചിട്ടും ഫലമുണ്ടായില്ല. നിർമ്മാതാക്കളായ ലോക്ക്ഹീഡ്മാർട്ടിന്റെ എൻജിനിയർമാർ അമേരിക്കയിൽ നിന്നെത്തിവേണം തകരാർ തീർക്കാൻ. ഇതിന് രണ്ടാഴ്ചയിലേറെയെടുക്കും.

വിമാനത്തകരാർ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും ട്രോളുകളിലും നിറഞ്ഞതോടെ യു.എസിന് നാണക്കേടായി. ഒ.എൽ.എക്സിൽ ആക്രിവിലയ്ക്ക് വില്പനയ്ക്ക് വച്ചെന്നുവരെ സാമൂഹ്യമാദ്ധ്യമ പോസ്റ്റ് വന്നു.

അമേരിക്കയ്ക്ക് പുറമെ 11രാജ്യങ്ങൾ എഫ്-35 ഉപയോഗിക്കുന്നുണ്ട്. ബെൽജിയം,ജർമ്മനി,പോളണ്ട്, സ്വിറ്റ്‌സർലന്റ്, ചെക്ക്റിപ്പബ്ലിക്, ഗ്രീസ്,റൊമേനിയ എന്നിവർ ഓർഡർ നൽകിയിട്ടുണ്ട്. അത്ഭുത സാങ്കേതികവിദ്യയാണെന്നും മറ്റാർക്കും കൈമാറില്ലെന്നുമാണ് അമേരിക്ക വീമ്പിളക്കിയത്. പക്ഷേ, എഫ്-35ന്റെ തിരുവനന്തപുരത്തെ കിടപ്പ് ലോകം കണ്ടതോടെ അവർക്ക് തലയിൽ മുണ്ടിടേണ്ട അവസ്ഥയായി.

വിമാനത്തകരാറിന്റെ വിവരങ്ങൾ ഇന്ത്യൻ ഉന്നതവ്യോമസേനാ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഇത്രയും വിലയ്ക്ക് എഫ്-35 വാങ്ങി വെട്ടിലാകണോയെന്ന് രണ്ടുവട്ടം ആലോചിച്ചേക്കും. വാങ്ങിയാലും എണ്ണം കുറച്ചേക്കും.

50,000 അടിവരെ ഉയരത്തിൽ 8100കിലോ ആയുധങ്ങളുമായി മണിക്കൂറിൽ 1200മൈൽ വേഗതയിൽ പറക്കും. റഡാറുകളുടെ കണ്ണുവെട്ടിക്കും എന്നൊക്കെയാണ് അമേരിക്കയുടെ അവകാശവാദം. എന്നാൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് എയർകമാൻഡ് സിസ്റ്റം ഇന്ത്യൻ വ്യോമാതിർത്തിയിൽ കടന്നയുടൻ എഫ്-35വിമാനത്തെ കണ്ടെത്തി. ഇതോടെ റഡാറുകളെ കബളിപ്പിച്ച് പറക്കുമെന്ന അവകാശവാദം പൊളിഞ്ഞു. ഇസ്രായേലിന്റെ എഫ്-35 വിമാനം വെടിവച്ചിട്ടെന്ന് ഇറാൻ കഴിഞ്ഞ ദിവസം അവകാശപ്പെടുകയും ചെയ്തു.

പുറത്തായത് നേരത്തേ

നിഷേധിച്ച തകരാർ

പടക്കപ്പലിൽ നിന്ന് കുത്തനേ പറന്നുയരാർ കഴിയുന്നതാണ് എഫ്-35. ഈസംവിധാനമാണ് തകരാറിലായത്. തകരാറുണ്ടെന്ന വിവരം മുമ്പ് പുറത്തുവന്നപ്പോഴെല്ലാം നിർമ്മാതാക്കൾ നിഷേധിച്ചിരുന്നു. തിരുവനന്തപുരത്ത് കുടുങ്ങിയതോടെ കള്ളി വെളിച്ചത്തായി.

പകരം സുഖോയ് 57ഇ

എഫ്-35ന് പകരം റഷ്യ സോഴ്സ് കോഡ് സഹിതം വാഗ്ദാനംചെയ്യുന്ന സുഖോയ് 57ഇ-യുദ്ധവിമാനം ഇന്ത്യ വാങ്ങിയേക്കും. 690 കോടിയാണ് വില. ശേഷിയും കിടിലൻ

സോഴ്സ്കോഡ് ലഭിച്ചാൽ സേനകളുടെ ആവശ്യത്തിനനുസരിച്ച് വിമാനത്തിൽ മാറ്റംവരുത്താനും അറ്റകുറ്റപ്പണികൾ സ്വന്തംനിലയ്ക്ക് നടത്താനുമാവും

എഫ്-35വിമാനം തല്ലിപ്പൊളിയാണ്. ഉയർന്ന നിർമാണച്ചെലവ്‌, മോശംപ്രകടനം, ഭാരിച്ച പറക്കൽ ചെലവ്‌ എന്നിവയെല്ലാമുണ്ട്

- സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌ക്

നേരത്തേ വ്യക്തമാക്കിയത്