നാദിർഷയുടെ പൂച്ച ചത്ത സംഭവം ചക്കര 'ഹൃദ്രോഗി'; ജീവൻ എടുത്തത് ഹൃദായാഘാതം
കൊച്ചി: നടനും സംവിധായകനുമായ നാദിർഷയുടെ വളർത്തുപൂച്ച ചക്കര ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ വലിഞ്ഞുമുറുകിയാലുണ്ടാകുന്ന തരത്തിലുള്ള പാടുകളോ മറ്റോ ജഡത്തിൽ ഉണ്ടായിരുന്നില്ലെന്നും ജില്ലാ വെറ്ററിനറി മേധാവി പൊലീസിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരുന്ന പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ദുരൂഹതയൊഴിഞ്ഞ സാഹചര്യത്തിൽ തുടർനടപടികൾ അവസാനിപ്പിച്ചേക്കും.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 'സ്‌നോബെൽ' എന്ന പൂച്ച ചത്തത്. നഖം വെട്ടാനും കുളിപ്പിക്കാനുമായി എറണാകുളം മാമംഗലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പെറ്റ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. മയക്കാൻ കുത്തിവയ്പ്പെടുത്തപ്പോൾ പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ച ചത്തതായി ആശുപത്രി അധികൃതർ നാദിർഷയുടെ ഭാര്യയെയും മകളെയും അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർക്ക് സംഭവിച്ച വീഴ്ചയായിരിക്കാം അരുമ പൂച്ചയുടെ ജീവൻനഷ്ടപ്പെടാൻ ഇടയാക്കിയതെന്നും പോസ്റ്റ്‌മോർട്ടം നടത്തിയേ തീരൂവെന്നതിൽ നാദിർഷയും കുടുംബവും ഉറച്ചുനിന്നു. തുടർന്ന് പൂച്ചയുടെ ജഡം മോർച്ചറിയിലേക്ക് മാറ്റി.പിറ്റേന്ന് ആശുപത്രിയെ കുറ്റപ്പെടുത്തി നാദിർഷ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
''കഴുത്തിൽ ചരടിട്ട് വലിച്ചുകൊണ്ടുപോയതായെല്ലാം ആരോപണം ഉണ്ടായിരുന്നതിനാൽ ഈ ഭാഗമടക്കം ഷേവുചെയ്ത് പരിശോധിച്ചു. യാതൊരു പാടുമില്ലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പൂച്ചയ്ക്ക് നേരത്തെ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായാണ് മനസിലായത്. ഈ സാഹചര്യത്തിൽ മയക്കാൻ കുത്തിവച്ചപ്പോൾ ഹൃദയാഘാതം ഉണ്ടായതായിരിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.