ഒടുവിൽ തടസം നീങ്ങി മണ്ണെണ്ണ ഇന്നുമുതൽ എല്ലാ റേഷൻ കാർഡുകൾക്കും വില ലിറ്ററിന് 61 രൂപ

Saturday 21 June 2025 12:28 AM IST

തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച 5,676 കിലോലിറ്റർ മണ്ണെണ്ണ വിതരണം ചെയ്യാനുള്ള തടസങ്ങൾ ഒടുവിൽ നീങ്ങി. ഇന്നുമുതൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. വില ലിറ്ററിന് 61 രൂപ. ഡീലർമാരുടേയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് സമവായമുണ്ടായത്. രണ്ടര വർഷത്തിനു ശേഷമാണ് എല്ലാ വിഭാഗം കാർഡ് ഉടമകൾക്കുമായി വീണ്ടും മണ്ണെണ്ണ ലഭ്യമാകുന്നത്. മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യേണ്ട കാലാവധി അവസാനിക്കാൻ പത്തു ദിവസം ശേഷിക്കേയാണ് തീരുമാനം.

റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ വർഷത്തെ ആദ്യപാദത്തിൽ 5,676 കിലോലിറ്റർ അനുവദിച്ചത്. എന്നാൽ ‌ഡീലർമാരുടേയും വ്യാപാരികളുടേയും കൂലി, കമ്മിഷൻ വർദ്ധന ആവശ്യം ഭക്ഷ്യവകുപ്പ് അംഗീകരിച്ചെങ്കിലും ധനവകുപ്പിന്റെ എതിർപ്പുമൂലം നീണ്ടുപോയി.

ഡീലർമാരും വ്യാപാരികളും ആവശ്യപ്പെടുന്ന കമ്മിഷൻ വർദ്ധന അനുവദിച്ചാലും മുമ്പ് വിറ്റിരുന്ന ലിറ്രറിന് 63 രൂപയ്ക്കു തന്നെ ഇപ്പോഴും വിതരണം ചെയ്യാമെന്ന് കാട്ടി 11ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. മന്ത്രി അനിലുമായി നടത്തിയ ചർച്ചയിൽ വ്യാപാരികൾ വിട്ടുവീഴ്ചയ്ക്ക് സമ്മതിച്ചതോടെ വില 61 ആക്കാനായി.

കാർഡുടമകൾക്ക്

മണ്ണെണ്ണ വിഹിതം

എ.എ.വൈ...................................ഒരു ലിറ്റർ

മറ്റുള്ളവർക്ക്...............................അര ലിറ്റർ

വൈദ്യുതി കണക്ഷൻ ഇല്ലാത്ത

വീടുകൾക്ക്................................. ആറ് ലിറ്റർ

കമ്മിഷൻ/കൂലി വർദ്ധന

ഡീലർമാർക്ക് ട്രാൻസ്‌‌പോർട്ടേഷന് ആദ്യത്തെ 40 കിലോമീറ്റർ വരെ കിലോലിറ്ററിന് 500 രൂപ. അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപ. റേഷൻ വ്യാപാരികൾക്ക് ലിറ്ററിന് 3.70 രൂപയിൽ നിന്ന് ആറാക്കി.

24ന് തീരുമാനമെന്ന്

റേഷൻ വ്യാപാരികൾ

റേഷൻ കടകളിൽ മണ്ണെണ്ണ ഡോർ ഡെലിവറിയായി എത്തിച്ചില്ലെങ്കിൽ വിതരണം ചെയ്യില്ലെന്ന്

സംയുക്ത റേഷൻ കോ ഓർഡിനേഷൻ സമിതി ഭാരവാഹികളായ സുരേഷ് കാരേറ്റ്, ടി. മുഹമ്മദാലി, ജി.ശശിധരൻ എന്നിവർ അറിയിച്ചു. രണ്ടു മാസം മുമ്പ് ഭക്ഷ്യമന്ത്രി നടത്തിയ ചർച്ചയിൽ 7 രൂപ കമ്മിഷൻ നൽകാമെന്നറിയിച്ചിരുന്നു. ഇന്നലെ നടത്തിയ ചർച്ചയിൽ 6 രൂപയാക്കി. 24ന് നടക്കുന്ന കോ-ഓർഡിനേഷൻ യോഗത്തിൽ മാത്രമേ വിതരണകാര്യത്തിൽ തീരുമാനമെടുക്കൂ എന്നും അറിയിച്ചു.