എം.എസ്.സിക്ക് കർശന നിർദ്ദേശം എണ്ണ വീണ്ടെടുക്കൽ റിപ്പോർട്ട് 48 മണിക്കൂറിനകം കൈമാറണം

Saturday 21 June 2025 12:34 AM IST

കെച്ചി: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് എണ്ണയും കണ്ടെയ്‌നറുകളും വീണ്ടെടുക്കാനുള്ള വിശദമായ റിപ്പോർട്ട് 48 മണിക്കൂറിനകം കൈമാറണമെന്ന് കപ്പൽ ഉടമയ്ക്ക് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് കർശന നിർദ്ദേശം നൽകി. തന്ത്രപ്രധാന മേഖലയോട് ചേർന്ന് 51 മീറ്റർ താഴ്ചയിൽ കപ്പൽ കിടക്കുന്നത് സുരക്ഷയ്‌ക്കൊപ്പം പരിസ്ഥിതിയ്ക്കും ദോഷമാണ്.

എണ്ണ വീണ്ടെടുക്കൽ ദൗത്യത്തിന് പുതിയ സാൽവേജ് (മുങ്ങിയ കപ്പൽ ഉയർത്തുന്ന) കമ്പനിയുമായി കരാറിൽ ഏർപ്പെട്ടുവെന്ന് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിനെ അറിയിച്ചു. ജർമ്മനിയിലെ ബ്രാൻഡ് മറൈൻ കൺസൾട്ടൻസിക്കാണ് കരാറെന്നാണ് സൂചന.

പുറങ്കടലിലെ മോശം കാലാവസ്ഥയിൽ 48 മണിക്കൂർ ഉപാധിയിൽ എണ്ണ വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് ടി ആൻഡ് ടി സാൽവേജ് പിന്മാറിയതോടെയാണ് ദൗത്യം തടസപ്പെട്ടത്. ഇവരുടെ മുങ്ങൽ വിദഗ്ദ്ധർ കപ്പലിന്റെ ഇന്ധനടാങ്കുകൾ സുരക്ഷിതമായി അടച്ചിരുന്നു. മേഖലയിൽ എണ്ണപ്പാടയുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ഇത് ടാങ്കിൽ നിന്ന് ചോരുന്നതല്ലെന്നാണ് വിലയിരുത്തൽ. കപ്പലിൽ ഉപയോഗിച്ച ഗ്രീസാകാം കാരണം.

എണ്ണച്ചോർച്ച കണ്ടെത്താൻ മേഖലയിൽ നേവിയുടെ വ്യോമനിരീക്ഷണവും തുടരുന്നുണ്ട്. ടി ആൻഡ് ടി പിന്മാറിയതിന് പിന്നാലെ പ്രാരംഭഘട്ട ക്യാപ്പിംഗും എയർ ഡൈവിംഗും പൂർത്തിയാക്കി സീമാക് 3 കപ്പൽ തീരത്തേയ്ക്ക് മടങ്ങി. പുതിയ ടഗ് ബോട്ടായി കാനറ മേഘിനെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ദുരിതബാധിത ബീച്ചുകളിലെ ശുചീകരണവും പ്ലാസ്റ്റിക് തരികൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. വോളണ്ടിയേഴ്‌സിന്റെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് തരികൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഡി.ജി.എസ് കസ്റ്റംസുമായി കൂടിയാലോചനകൾ നടത്തി വരികയാണ്.