പൊലീസുകാരെ ആക്രമിച്ച ഇരുപത് ട്രാൻസ്ജെൻഡേഴ്സ് റിമാൻഡിൽ
കൊല്ലം: കാെട്ടാരക്കരയിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 20 ട്രാൻസ്ജെൻഡേഴ്സിനെ റിമാൻഡ് ചെയ്തു. വാളിയോട് സ്വദേശി ഷിജു (ധ്വനി, 38), ഇളമ്പള്ളൂർ സ്വദേശി ഷിജു (സ്നേഹ, 37), വെട്ടിക്കവല സ്വദേശി കൃതിക (21), പരവൂർ സ്വദേശി ശ്രീജു (ദ്രൗപതി, 35), പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അജിൻ (നിരുപമ, 36), ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശി ബിബിൻ ബാബു (ഹിമ ബാബു, 27), പെരിനാട് സ്വദേശി ഉണ്ണി (മാനസി വരുണ, 35), നാവായിക്കുളം സ്വദേശി മനോജ് (ഭാവന, 28), പുനലൂർ മണിയാർ സ്വദേശി രഞ്ജിഷ് (സ്മിത, 23), ചാത്തന്നൂർ സ്വദേശി രജിമോൻ (വിദ്യ, 23), അടിമാലി സ്വദേശി നന്ദുരാജു (സമയ, 23), അടൂർ വയല സ്വദേശി ശ്രീജിത്ത് (വെണ്ണില, 32), ഏനാത്ത് സ്വദേശി രാഹുൽ (ദേവു, 30), പത്തനംതിട്ട കൂടൽ സ്വദേശി മിഥുൻ (മിഥുന, 23), തൃക്കടവൂർ സ്വദേശി മഹേഷ് (ജ്യോതി, 34), ഓടനാവട്ടം സ്വദേശി സുജിത്ത് (നിത്യ, 34), കോയിവിള സ്വദേശി ഷിബു രാജ് (ലക്ഷ്മി, 33), പള്ളിമൺ സ്വദേശി അജയകുമാർ (മയൂഖ, 35), ചവറ സ്വദേശി ഫ്രാൻസിസ് (ഹർഷ, 41), നെടുമ്പന സ്വദേശി ഇഷ (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റി.
19ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. 2021ൽ കൊട്ടാരക്കരയിലുണ്ടായ സംഘർഷത്തിന്റെ പേരിൽ ആറ് ട്രാൻസ്ജെൻഡേഴ്സിന്റെ പേരിൽ കേസെടുത്തിരുന്നു. കൺട്രോൾ റൂം എസ്.ഐയുടെ ജോലി തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചേർത്ത് അന്ന് കേസെടുത്തതിന് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചപ്പോഴാണ് ട്രാൻസ്ജെൻഡേഴ്സ് കൂട്ടായ്മ സംഘടിച്ചത്. കേസ് പിൻവലിക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് റൂറൽ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. റോഡ് ഉപരോധത്തിനിടെ സംഘർഷം ലാത്തിച്ചാർജിൽ കലാശിച്ചു. വനിതാ പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി പൊലീസുകാരെ ആക്രമിക്കുകയും സോഡാ കുപ്പികൊണ്ട് സി.ഐ എസ്.ജയകൃഷ്ണന്റെ തലയ്ക്കടിച്ചും പരിക്കേൽപ്പിച്ചു. ജയകൃഷ്ണന് പുറമെ എസ്.ഐ എസ്.അനീസ്, എ.എസ്.ഐമാരായ ജിജിമോൾ, ശോഭമണി, സിവിൽ പൊലീസ് ഓഫീസർമാരായ എസ്.ആര്യ. അഭി സലാം, ഷബാന, നഹില, രേവതി, ലയ, സന്ധ്യ എന്നിവർക്കും സാരമായി പരിക്കേറ്റു.
തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഗൂഢാലോചന, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് അശ്ളീലം കാണിക്കൽ, അസഭ്യവർഷം തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.