 ഇന്ന് സംഗീത ദിനം സാംബശിവന്റെ തബലിസ്റ്റ് ബാബു 78ലും സജീവം

Saturday 21 June 2025 12:42 AM IST

കൊല്ലം: 'ബാബൂ, ഒന്ന് കൊട്ടെടോ"... വർഷങ്ങൾക്കുമുൻപ് ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കുള്ള ടാക്സി യാത്രയ്ക്കിടെ വിഖ്യാത കാഥികൻ സാംബശിവൻ തബലിസ്റ്റ് ബാഹുലേയനോട് പറഞ്ഞു. പറയേണ്ട താമസം കെ.ബാഹുലേയന്റെ വിരലുകൾ തബലയിൽ താളംപിടിച്ചുതുടങ്ങി. പിന്നാലെ സാംബശിവൻ പാടിത്തുടങ്ങി... നിരത്തിലെ കുണ്ടും കുഴിയും താണ്ടിയുള്ള അംബാസഡർ കാറിലെ പരിമിത സൗകര്യം ഇരുവർക്കും തടസമായില്ല.

പ്രൊഫ. വി.സാംബശിവനൊപ്പമുള്ള സംഗീതജീവിതം കൊട്ടാരക്കര എഴുകോൺ ചീരങ്കാവ് പാർത്ഥാസിൽ കെ.ബാഹുലേയന് (ബാബു-78) ഒരിക്കലും മറക്കാനാകില്ല. നന്നായി പാടുമെങ്കിലും കഥാപ്രസംഗത്തിൽ തബലിസ്റ്റായിരുന്നു ബാഹുലേയൻ. തബല മാത്രമല്ല, മൃദംഗം, പാണി, പഞ്ചവാദ്യം, ചെണ്ട, മദ്ദളം, ഇടയ്ക്ക, ഗഞ്ചിറ, ഡോലി, മുഖർശംഖ്, തിമില, മരപ്പാണി, കൊമ്പ്, ഡോലക് എന്നിങ്ങനെ 14 സംഗീത ഉപകരണങ്ങൾ നന്നായി വഴങ്ങും. മുത്തച്ഛൻ പത്മനാഭൻ വാദ്യോപകരണങ്ങൾ നിർമ്മിക്കുന്ന കലാകാരനായിരുന്നു. പുതുതായി നിർമ്മിക്കുന്ന ഉപകരണങ്ങളിൽ താളംപിടിക്കാൻ ബാഹുലേയന് അവസരം ലഭിച്ചു.

1978ലാണ് വി.സാംബശിവനൊപ്പം കൂടിയത്. മൂന്നുവർഷംകൊണ്ട് ഇരുന്നൂറിൽപ്പരം വേദികളിൽ തബലയിൽ വിരലുകളോടിച്ചു. നർത്തകിയും പാട്ടുകാരിയുമായ ശാന്തയെ വിവാഹം ചെയ്തതോടെ കഥാപ്രസംഗം വിട്ട് നൃത്തവേദികളിലേക്ക് ചേക്കേറി. കലാമണ്ഡലം ഗംഗാധരൻ, ചാത്തന്നൂർ പത്മൻ എന്നിവർക്കൊപ്പം ഏറെക്കാലമുണ്ടായിരുന്നു.

മരപ്പാണി മാന്ത്രികൻ

ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുമ്പോൾ വലിയ പ്രാധാന്യമുള്ള ഉപകരണമാണ് മരപ്പാണി. പ്രതിഷ്ഠയ്ക്കുമുൻപ് കൊട്ടണം. 80 ക്ഷേത്രങ്ങളിൽ ബാഹുലേയൻ മരപ്പാണി കൊട്ടിയിട്ടുണ്ട്. സംഗീതോപകരണമെടുത്താൽ ബാഹുലേയൻ വാർദ്ധക്യത്തിന്റെ അവശതകൾ മറക്കും. ഇപ്പോഴും ചെണ്ടകൊട്ടാനും പഞ്ചവാദ്യത്തിനും പോകാറുണ്ട്. മക്കൾ ദിലീപ് ബാബുവും ബി.എസ്.കലയും കൊച്ചുമക്കളുമൊക്കെ സംഗീത പാരമ്പര്യം നിലനിറുത്തുന്നുണ്ട്. പ്രമുഖ സംഗീത സംവിധായകനായ ദിലീപ് ബാബുവിന് സ്വന്തമായി റെക്കാഡിംഗ് സ്റ്റുഡിയോയുമുണ്ട്.

സാംബശിവൻ സാറുമായുള്ള യാത്രകളും പരിപാടികളുമൊക്കെ വലിയ രസമാണ്. ചിരിക്കാനൊത്തിരി ഉണ്ടാകും.

- കെ.ബാഹുലേയൻ