തെന്നലയുടേത് ത്യാഗപൂർണമായ വ്യക്തി​ത്വം: സണ്ണി​ ജോസഫ്

Saturday 21 June 2025 12:52 AM IST

കൊല്ലം: കോൺഗ്രസി​നു വേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ പറഞ്ഞു. ഡി.സി​.സി സംഘടിപ്പിച്ച, മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകാതെ, തന്നെ ഏൽപ്പിച്ച എല്ലാ സ്ഥാനങ്ങളിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ജനസേവകനായിരുന്നു തെന്നലയെന്നും അദ്ദേഹം അനുസ്മരിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ, മുൻ മന്ത്രിമാരായ മുല്ലക്കര രത്‌നാകരൻ, ഷിബു ബേബിജോൺ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.