പ്രശാന്തിന്റെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം ജയതിലക് അട്ടിമറിച്ചു; മുഖ്യമന്ത്രിയുടെ നിർദേശം പോലും പാലിച്ചില്ല
തിരുവനന്തപുരം: മാസങ്ങളായി സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയത്. ജയതിലകിനെതിരായ വിമർശനത്തിന്റെ പേരിലാണ് എൻ പ്രശാന്ത് സസ്‌പെൻഷനിലായത്.
ചീഫ് സെക്രട്ടറിയാണ് സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. കഴിഞ്ഞ ഏപ്രിൽ 24ന് തന്നെ പ്രശാന്തിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അദ്ധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിൻഹയും കെആർ ജ്യോതിലാലുമായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
എന്നാൽ, ശാരദ മുരളീധരൻ സ്ഥാനമൊഴിയുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. എൻ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാൽ, സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തി. എന്നാൽ, ഇത് നടപ്പാക്കിയില്ല. ചീഫ് സെക്രട്ടറിയായി അധികാരമേറ്റ ജയതിലക് സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയിൽ രണ്ട് അംഗങ്ങൾ മതിയെന്ന് ഉത്തരവിറക്കി. ഇതോടെ രാജൻ ഖോബ്രഗഡെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി.
തുടർന്ന് ജയതിലകിന്റെ അദ്ധ്യക്ഷതയിൽ പുതിയ സമിതി മേയ് അഞ്ചിന് യോഗം ചേർന്ന് എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. സർവീസിൽ തിരിച്ചെടുക്കണമെന്ന ശുപാർശ ചെയ്‌ത് 12-ാംദിവസമാണ് പുതിയ കമ്മിറ്റി നടപടി നീക്കിയത്. സസ്‌പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമുണ്ട്. എന്നാൽ, ഈ അനുമതി തേടിയതായി രേഖകളിലില്ല.