"രാജ്ഭവൻ നിയന്ത്രിക്കുന്നത് ആർഎസ്എസ്, കരിങ്കൊടി കാണിച്ച എബിവിപി പ്രവർത്തകർ കാറിലെ ദേശീയ പതാക വലിച്ചുകീറി"

Saturday 21 June 2025 10:37 AM IST

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. രാജ്ഭവനിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ലെന്നും ഭരണഘടനാമൂല്യങ്ങളോട് ആദരവ് പുലർത്തിയാണെന്നും മന്ത്രി പ്രതികരിച്ചു.

കേരളം മതേതര ജനാധിപത്യ ആശയങ്ങളെ പിന്തുടരുന്ന സംസ്ഥാനമാണ്. സ്‌കൗട്ട് ആൻഡ് ഗൈഡ്സ് പോലെയുള്ള ഭാരതീയ വിദ്യാഭ്യാസ രംഗത്തെ സ്വതന്ത്ര പ്രസ്ഥാനങ്ങൾ കൃത്യമായ രീതിയിൽ മതേതരത്വം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'എബിവിപി എനിക്കെതിരെ കരിങ്കൊടി കാണിക്കുന്നതും കാറിന് മുന്നിൽ ചാടുന്നതുമൊക്കെ രാജ്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ ഭാഗമാണെന്ന് ഞാൻ സംശയിക്കുന്നു. രാജ്ഭവൻ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എബിവിപി പ്രവർത്തകർ, കാർ നിർത്തിയപ്പോൾ കാറിന്റെ മുന്നിലുള്ള ദേശീയ പതാക വലിച്ചുകീറി. ദേശീയ പതാകയോടുള്ള അവരുടെ ബഹുമാനം എത്രത്തോളമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.'- മന്ത്രി പറഞ്ഞു.

രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും ഉപദേശം തേടിയിട്ടുണ്ട്. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും നീക്കമുണ്ട്.

രാജ്ഭവനിൽ എന്തൊക്കെ ഉപയോഗിക്കണമെന്ന് താനാണ് നിശ്ചയിക്കേണ്ടതെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും ഗവർണറും നിലപാടെടുത്തു. രാജ്ഭവനിലെ ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോൾ മന്ത്രിസഭായോഗം തയ്യാറാക്കി ഗവർണറെ അറിയിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. കരടുണ്ടാക്കാൻ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി. രാജ്ഭവനിലെ സർക്കാർ പരിപാടികൾ ഒഴിവാക്കാനും ആലോചനയുണ്ട്.