ശരീരത്തിനും മനസിനും ഉണർവേകാൻ യോഗ; അന്താരാഷ്‌ട്ര  യോഗ  ദിനത്തിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് ജനങ്ങൾ

Saturday 21 June 2025 10:53 AM IST

തിരുവനന്തപുരം: പതിനൊന്നാമത് അന്താരാഷ്‌ട്ര യോഗ ദിനമാണ് ഇന്ന്. 'യോഗ ഭൂമിക്കും ആരോഗ്യത്തിനും' എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ഈ ദിനത്തിൽ വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി സർക്കാർ സംഘടിപ്പിച്ചത്. ലക്ഷക്കണക്കിന് ജനങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, മോഹൻലാൽ, മറ്റ് സിനിമാ താരങ്ങൾ, സംസ്ഥാനത്തെ മന്ത്രിമാർ തുടങ്ങിയ പ്രമുഖരും സംസ്ഥാനത്തെ യോഗ ദിനത്തോടനുബന്ധിച്ച പരിപാടികളിൽ പങ്കെടുത്തു.

ശരീരത്തിനും മനസിനും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് യോഗ. പതിവായി യോഗ ചെയ്‌താൽ ശരീരത്തിന് നല്ല വഴക്കം ലഭിക്കും. പേശീബലവും വർദ്ധിക്കും. സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തി സന്ധിവേദന തടയാൻ യോഗ പതിവാക്കുന്നത് നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ അമിതവണ്ണമുള്ളവർക്ക് യോഗ ശീലമാക്കാം. രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാനും യോഗ നല്ലതാണ്.

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ശരീരത്തിന് ഊർജം പകരാനും സഹായിക്കും. മരുന്നിനൊപ്പം യോഗ ചെയ്യുന്നത് പ്രമേഹരോഗികൾക്ക് ഏറെ പ്രയോജനം ചെയ്യും. സ്‌ട്രസ്, ഉത്‌കണ്ഠ, വിഷാദം എന്നിവ കുറച്ച് മാനസികാരോഗ്യം നിലനിർത്തി ഓർമശക്തി കൂട്ടാനും ഏകാഗ്രത വർദ്ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും യോഗ സഹായിക്കുന്നു.