ബുൾസൈ തയ്യാറാക്കി, നിമിഷങ്ങൾക്കുള്ളിൽ വലിയൊരു മാറ്റം സംഭവിച്ചു; മഞ്ഞക്കരു സാധാരണ പോലെ, പക്ഷേ

Saturday 21 June 2025 11:19 AM IST

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ചായക്കടയിൽ ബുൾസൈയ്ക്ക് പ്ളാസ്റ്റിക് മുട്ട! കുളക്കട കിഴക്ക് തുരുത്തിലമ്പലം കവലയിലെ അനിതയുടെ കടയിലാണ് മുട്ടയിൽ മറിമായം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം.

കടയിലെത്തിയ ആൾ ബുൾസൈ ആവശ്യപ്പെട്ടപ്പോൾ തയ്യാറാക്കി നൽകിയതാണ്. നിമിഷ നേരംകൊണ്ട് ഇത് പ്ളാസ്റ്റിക്കിന് തുല്യമായി. മഞ്ഞക്കരു സാധാരണപോലെയായിരുന്നെങ്കിലും ബാക്കിയുള്ള ഭാഗം തീർത്തും പ്ളാസ്റ്റിക്കുപോലെയായിരുന്നു. പിന്നീട് രണ്ട് മുട്ടകൾ കൂടി ഇതേരീതിയിൽ ബുൾസൈയാക്കിയപ്പോഴും സമാന രീതി കണ്ടു.

രുചിയിലും മുട്ടയുടെ രുചി ഉണ്ടായിരുന്നില്ല. പ്ളാസ്റ്റിക്കുപോലെ വലിയുകയും ചവയ്ക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. മുട്ടവിൽപ്പനക്കാർ വാഹനത്തിൽ കൊണ്ടുവന്ന് നൽകിയ മുട്ടകളിലാണ് മറിമായം. ശേഷിക്കുന്ന മുട്ട ഉപയോഗിക്കുന്നില്ലെന്ന് കടയുടമ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.