ആകാശത്തുവച്ചൊരു കൂടിക്കാഴ്‌ച; വിമാനയാത്രക്കിടെ നടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി മുഖ്യമന്ത്രി

Saturday 21 June 2025 2:26 PM IST

നടൻ ജഗതി ശ്രീകുമാറിനെ വിമാന യാത്രക്കിടെ കണ്ടുമുട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. 'ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു'- എന്നാണ് ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി കുറിച്ചത്.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ശേഷം 12 വർഷത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ജഗതി ശ്രീകുമാർ. ഇതിനിടെ സിബിഐ 5 എന്ന ചിത്രത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടൻ. ജഗതിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയുടെ വിവരം ആരാധകരെ അറിയിച്ചത്.

വല' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും എത്തുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൽ ലൂണ എന്നതാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. 'ഗഗനചാരി' എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ചന്തുവിന്റെ അടുത്ത ചിത്രമാണ് 'വല'. സോംബി ഗണത്തിൽപ്പെടുന്ന ചിത്രത്തിമാണിത്. അണ്ടർ ഡോഗ്സ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. ലെറ്റേഴ്സ് എന്റർടെയ്ൻമെന്റാണ് സഹനിർമ്മാണം. ശങ്കർ ശർമ്മയാണ് സംഗീതം. മലയാളത്തിലെ ആദ്യ സോംബി ചിത്രം എന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്.