ഇതുപോലൊരു ബസ്‌സ്റ്റോപ്പ് സ്വപ്നങ്ങളിൽ മാത്രം, ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രം
സുൽത്താൻ ബത്തേരി: പൂക്കളുടെ കാഴ്ച വസന്തം ഒരുക്കിക്കൊണ്ട് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം. സുൽത്താൻ ബത്തേരി ഊട്ടി റോഡിൽ നമ്പിക്കെല്ലിയിലാണ് ഈ കാഴ്ച വസന്തം . ഒരു വർഷം പോലും മുടക്കമില്ലാതെ കഴിഞ്ഞ ആറ് വർഷമായി ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിലെ ഈ ചെടി പുഷ്പിച്ചുവരുന്നു.പർപ്പിൾ നിറത്തിലുള്ള പൂക്കൾ ചൂടിയ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് ഇതുവഴി യാത്ര ചെയ്യുന്ന ഏതൊരാളും ഒന്ന് നോക്കും അത്രക്കും മനോഹരമാണ് പൂക്കൾ വിരിഞ്ഞ് കിടക്കുന്ന കാത്തിരിപ്പ് കേന്ദ്രം. ഇതുകാണാനായി മാത്രം ചിലർ എത്തുന്നുണ്ടത്രേ.
പ്രദേശവാസിയായ ജോയി പന്ത്രണ്ട് വർഷം മുമ്പാണ് വൈൽഡ് ഗാർളിക് വൈൻ ഇനത്തിൽപെട്ട പടർന്നുകയറുന്ന ഈചെടി കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നട്ടത്. പിന്നീട് നമ്പികൊല്ലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവർമാരെല്ലാം ചേർന്ന് പരിപാലിച്ചു. ഇപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുമുകളിൽ പടർന്നുകയറി മനോഹരമായ പൂക്കൾ വിടർത്തി നിൽക്കുകയാണ് ഈ ചെടി.
ആസ്ബസ്രോഷ് ഷീറ്റ് മേഞ്ഞ കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ ചെടിപടർന്നതിനാൽ കൊടും വേനലിൽപ്പോലും നല്ലതണുപ്പാണ് ഇതിനുള്ളിൽ. പൂക്കളെ ഇഷ്ടപ്പെടുന്ന ആളുകൾ വെറുതെയാണെങ്കിലും അൽപ്പ സമയം ഇതിനുള്ളിൽ കയറി മനസ് കുളിർപ്പിച്ച് പോകുന്നുണ്ട്.ഇതുവഴിയാത്രചെയ്യുന്നവർ പൂക്കളാൽ നിറഞ്ഞുനിൽക്കുന്ന ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഫോട്ടോ മൊബൈൽ പകർത്തിയും ഇതിനുമുന്നിൽ നിന്ന് സെൽഫിയെടുത്തുമാണ് യാത്ര തുടരാറ്.