വമ്പൻ തീരുമാനവുമായി നിത അംബാനി; സംഭാവന നൽകാൻ തീരുമാനിച്ചത്‌ ഭീമമായ തുക, പണം ബാങ്ക് അക്കൗണ്ടിൽ

Saturday 21 June 2025 2:38 PM IST

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ താത്പര്യമുള്ള പതിനായിരക്കണക്കിന് ആളുകളുണ്ട്. അവരുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എന്താണെന്നല്ലേ?

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒരു ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ്. തെലങ്കാനയിലെ ബാൽക്കംപേട്ട് യെല്ലമ്മ ക്ഷേത്രത്തിനാണ്‌ സംഭാവന നൽകിയത്. നിത അംബാനിയുടെ അമ്മ പൂർണിമ ദലാലും സഹോദരി മമത ദലാലും ഏപ്രിൽ 23 ന് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം സന്ദർശിച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചു.

സന്ദർശന വേളയിൽ, പൂർണിമ ദലാലും സഹോദരി മമത ദലാലും ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ ഇവർക്ക് അമ്പലവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളൊക്കെ പറഞ്ഞുകൊടുത്തിരുന്നു. കൂടാതെ ക്ഷേത്ര പുനരുദ്ധാരണത്തിനായി സംഭവന നൽകാനും അഭ്യർത്ഥിച്ചു.

ഇതിനുപിന്നാലെയാണ് നിത അംബാനി ബാൽക്കംപേട്ട് യെല്ലമ്മ ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചത്. ബുധനാഴ്ച ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ തുക എത്തിയെന്ന് അധികൃതർ വ്യക്തമാക്കി. നിത അംബാനി സംഭാവന ചെയ്ത തുക ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചിട്ടുണ്ടെന്നും അതിൽ നിന്ന് ലഭിക്കുന്ന പലിശ ദൈനംദിന ഭക്ഷണത്തിനായി ഉപയോഗിക്കുമെന്നും ഇൻചാർജ് ഇഒ മഹേന്ദർ ഗൗഡ് പറഞ്ഞു.