വിലയിടിവിന് പിന്നാലെ ഇലകൊഴിച്ചിലും; ജാതികർഷകർക്ക് കണ്ണീർ കാലവർഷം
കോലഞ്ചേരി: വിലയിടിവിൽ വലയുന്ന ജാതി കർഷകർക്ക് കനത്ത തിരിച്ചടിയായി ക്രമാതീതമായ ഇലകൊഴിച്ചിൽ. കാലവർഷത്തിൽ സാധാരണ ഇലപൊഴിയാറുണ്ടെങ്കിലും ഇത്തവണ രൂക്ഷമാണ്. ഫൈറ്റോഫ്‌തോറ എന്ന കുമിൾ രോഗമാണ് കാരണം. രോഗം ജാതിമരങ്ങളെയും വിളവിനെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഇലകളിൽ നടുഞരമ്പിനോടു ചേർന്ന് വെള്ളം നനഞ്ഞ മാതിരിയുള്ള പാടുകൾ കാണുകയും ഇത് ഇലമുഴുവൻ വ്യാപിക്കുകയും ചെയ്യും. രോഗം വ്യാപിക്കുന്നതോടെ പച്ചയിലകൾ കൂട്ടത്തോടെ കൊഴിയുകയും കായ്കളുടെ പുറംതൊണ്ടിലും വെള്ളം നനഞ്ഞതുപോലുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ കായ്കൾ അഴുകി, വിണ്ടുകീറി കൊഴിയും. ഇതുമൂലം ജാതി മരങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും വിളവിൽ കാര്യമായ കുറവുമാണ്ടാകും.
ജാതിപത്രിയിലും കുരുവിലും രോഗം പടരും. രോഗബാധിതമായ കായ്ക്കളുടെ ഉള്ളിലും പുറത്തും വെളുത്ത പഞ്ഞിപോലെ പൂപ്പൽ കാണുന്നതും ഇതിന്റെ ലക്ഷണമാണ്.
പ്രതിരോധം മാർഗങ്ങൾ കോപ്പർ ഓക്‌സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന നിരക്കിലോ, അല്ലെങ്കിൽ നേർപ്പിച്ച് തളിക്കുകയോ മരത്തിന് ചുവട്ടിൽ മണ്ണ് കുതിർക്കെ ഒഴിച്ചുകൊടുക്കുകയോ ചെയ്യുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും. ഇലകളിലും കായ്കളിലും ശാഖകളുടെ തണ്ടിന്മേലും വീഴത്തക്കവിധം നന്നായി തളിക്കണം. മരത്തിനു ചുറ്റും തടമെടുത്ത് 0.2 ശതമാനം വീര്യത്തിൽ കോപ്പർ ഹൈഡ്രോക്‌സൈഡ് അല്ലെങ്കിൽ 0.25 ശതമാനം കോപ്പർ ഓക്‌സിക്ലോറൈഡ് എന്നിവയിൽ മരം ഒന്നിന് പത്ത് ലിറ്റർ എന്ന നിരക്കിൽ മഴ മാറി നിൽക്കുമ്പോൾ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. മറ്റ് മുൻകരുതലുകൾ തോട്ടത്തിലെ നീർവാർച്ച ഉറപ്പാക്കാൻ കൃത്യമായ ചാലുകൾ കീറണം. പൊട്ടാഷ് വളത്തിന്റെ ഉപയോഗം കൃത്യമാക്കണം. രോഗം ബാധിച്ച ശാഖകൾ മുറിച്ചുമാറ്റി വായു സഞ്ചാരം ഉറപ്പുവരുത്തുകയും രോഗബാധ പടരുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യണം. തോട്ടങ്ങളിൽ ജാതിയുടെ വേരിന് ക്ഷതമേൽക്കുന്ന രീതിയിലുള്ള മണ്ണ് ഇളക്കൽ പ്രവർത്തനങ്ങൾ ഒഴിവാക്കണം. തുടർന്നുള്ള സീസണുകളിൽ രോഗബാധ കുറയുന്നതിന് വേണ്ടി മഴക്കാലത്തിനു മുമ്പും ശേഷവും പൊട്ടാസ്യം ഫോസ്‌നൈറ്റ് 0.3 ശതമാനം വീര്യത്തിലോ മെറ്റാസിൽ, മാങ്കോസേബ് കുമിൾനാശിനി 0.25 ശതമാനം വീര്യത്തിലോ ജാതിയുടെ ചുവട്ടിൽ കുതിർത്തുകൊടുക്കുക. വേപ്പിൻ പിണ്ണാക്കിലോ വേപ്പിൻ പിണ്ണാക്ക്ചാണക മിശ്രിതത്തിലോ വളർത്തിയ ട്രൈക്കോഡെർമ മരമൊന്നിന് അഞ്ച് കിലോഗ്രാം നിരക്കിൽ കടക്കൽ ഇട്ടുകൊടുക്കുന്നതും രോഗനിയന്ത്രണത്തിന് സഹായിക്കും. കൊഴിഞ്ഞ ഇലകളും കായ്കളും തോട്ടത്തിൽനിന്ന് നീക്കം ചെയ്ത് ശുചിയായി സൂക്ഷിക്കണം.