പിടിയിലായത് മോഷ്ടിച്ച ബൈക്ക്; തിരിച്ചറിയാൻ അഞ്ചര വർഷം

Sunday 22 June 2025 12:45 AM IST

കൊച്ചി: ഒരു കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത ബൈക്ക് മോഷണമുതലായിരുന്നെന്ന് തിരിച്ചറിയാൻ പൊലീസിന് വേണ്ടിവന്നത് അഞ്ചര വർഷം. കേസിലെ ശിക്ഷയും കഴിഞ്ഞ് വാഹനം ലേലം ചെയ്യുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചപ്പോഴാണ് ഇടുക്കി പൊലീസിന്റെ അമളി വെളിപ്പെട്ടത്. മലപ്പുറത്ത് നിന്ന് മോഷ്ടിച്ച ബൈക്കാണിതെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ഇത് കൊച്ചിയിൽ നിന്നാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തിയതോടെ കേസ് എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി. 2019 ആഗസ്റ്റിലാണ് കേസിന്റെ തുടക്കം. സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്ന 23 വയസുകാരനെ 8.5 ഗ്രാം കഞ്ചാവും വില്പനയിലൂടെ കിട്ടിയ 150 രൂപയുമായി ഇടുക്കി പൊലീസ് വഞ്ചിക്കവല വി.എച്ച്.എസ്.ഇ. സ്‌കൂളിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. അന്ന് കസ്റ്റഡിയിലെടുത്ത കെ.എൽ. 7 ബി.ഡി 9997 എന്ന വ്യാജ നമ്പറിലുള്ള ബൈക്കാണ് ഇപ്പോൾ വീണ്ടും കേസിൽ കുടുങ്ങിയത്.

അമളി പറ്റിയതെങ്ങനെ 2023ൽ കഞ്ചാവ് കേസിന്റെ വിചാരണ പൂർത്തിയാവുകയും ഇടുക്കി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് 10 ദിവസം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയതിന് ശേഷം കോടതി ബൈക്ക് ലേലം ചെയ്യാൻ അനുമതി നൽകി. പൊലീസ് ബൈക്ക് ജില്ലാ ഡ്രഗ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. ഇവർ മതിപ്പ് വില നിശ്ചയിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടിയപ്പോഴാണ് ബൈക്കിന്റെ നമ്പർ വ്യാജമാണെന്നും കെ.എൽ. 57 5722 ആണ് യഥാർത്ഥ നമ്പറെന്നും തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ, കഞ്ചാവ് കേസ് പ്രതിയായിരുന്ന യുവാവിനെതിരെ ബൈക്ക് മോഷണത്തിനും കേസെടുത്തു. എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്ത് നിന്നാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തി

തുടർ നടപടികൾ ജില്ലാ പൊലീസ് മേധാവി വിവരം കൊച്ചി സിറ്റി പൊലീസിന് കൈമാറി. 18ന് ഇടുക്കി പൊലീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ബൈക്ക് മോഷണത്തിന് പുതിയൊരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് ആരുടേതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണത്തിന് പിന്നിൽ ആര്, എങ്ങനെ മോഷ്ടിച്ചു, കഞ്ചാവ് കേസ് പ്രതിയുടെ കൈവശം ബൈക്ക് എങ്ങനെ എത്തി തുടങ്ങിയ കാര്യങ്ങളിലാണ് ഇനി ഉത്തരം കണ്ടെത്തേണ്ടത്. അഞ്ചര വർഷം പഴക്കമുള്ള കേസായതിനാൽ തെളിവുകൾ ശേഖരിക്കുന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ്.