'റാം കെയർ ഒഫ് ആനന്ദി' മനസിനെ തൊടുന്ന എഴുത്ത്; വിവാദങ്ങൾ അർത്ഥശൂന്യമെന്ന് എ എ റഹീം

Saturday 21 June 2025 4:40 PM IST

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവ പുരസ്കാരം ലഭിച്ചതിനുപിന്നാലെ വിമർശനങ്ങളിൽപ്പെട്ട എഴുത്തുകാരൻ അഖിൽ പി ധർമ്മജന് പിന്തുണയുമായി എ എ റഹീം എം പി. വിവാദങ്ങൾ അര്‍ത്ഥശൂന്യമാണെന്നും 'റാം കെയര്‍ ഒഫ് ആനന്ദി' മനസിനെ തൊടുന്ന എഴുത്താണെന്നും റഹീം പ്രതികരിച്ചു. മനോഹരമായ കഥാവഴി തീർക്കാൻ അഖിലിന് കഴിഞ്ഞിട്ടുണ്ടെന്നും വായന കഴിഞ്ഞിട്ടും മനസിനെ പിന്തുടരുന്ന മുഹൂർത്തങ്ങളും കഥാപാത്രങ്ങളും നോവലിലുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'ചെന്നൈയുടെ തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബർബൻ ട്രെയിനിലെ കമ്പാർട്മെന്റുകളിലൂടെ നമ്മളെയും അയാൾ നടത്തും. അനുജന് ബുള്ളറ്റും വാങ്ങി സർപ്രൈസ് നൽകാൻ മല്ലി പോകുന്ന ഒരു രംഗമുണ്ട്. ഹൃദയം കൊണ്ടല്ലാതെ ആ നിമിഷങ്ങൾ കടന്നുപോകാൻ വായനക്കാർക്ക് കഴിയില്ല. സാധാരണക്കാരുടെ ജീവിതം പറയുന്ന ഒരു യുവതിയുടെ അതിജീവനത്തിനായുള്ള ഒറ്റയാൾ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന ഇന്ത്യൻ തെരുവുകളിലെ പുറമ്പോക്കുകളിൽ നരകജീവിതം ജീവിച്ചു തീർക്കുന്ന ട്രാൻസ് ജീവിതങ്ങളെ മനുഷ്യരായി ചേർത്തു നിർത്തിയ റാം. മനോഹരമായ കഥാവഴി തീർക്കാൻ അഖിലിന് കഴിഞ്ഞിട്ടുണ്ട്'- എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, അഖിലിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പുരസ്കാരം ലഭിച്ചതിൽ വിവിധ തരത്തിലുളള വിമർശനങ്ങളും നേരിടേണ്ടി വന്നു. അഖിൽ കേന്ദ്രസാഹിത്യ അക്കാഡമിയുടെ യുവപുരസ്കാരം നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് കരസ്ഥമാക്കിയിരിക്കുന്നതെന്നും സാഹിത്യകാരി ഇന്ദു മേനോൻ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് 'റാം കെയര്‍ ഒഫ് ആനന്ദി'. ചെന്നൈ നഗരത്തെ കേന്ദ്രീകരിച്ചെഴുതിയ 'റാം കെയർ ഓഫ് ആനന്ദി' അമ്പത് എഡിഷനുകളും മൂന്ന് ലക്ഷത്തിലധികം കോപ്പികളുമായി പിന്നിട്ടിരിക്കുകയാണ്.

കേന്ദ്രസാഹിത്യ പുരസ്കാരം ലഭിച്ചതിന് പിന്നാലെ പുസ്തകം പൾപ്പ് സാഹിത്യമാണെന്നും,മുത്തുച്ചിപ്പി നിലവാരമാണെന്നും ഉയർന്ന വിമർശനങ്ങളെ പക്വമായാണ് അഖിൽ പ്രതികരിച്ചത്. പുസ്തകത്തിന്റെ പേരിലും കഥയിലും 'റാം' ഉള്ളതിനാലാണ് പുരസ്കാരം ലഭിച്ചതെന്ന് പറയുന്നവരോട് മറുപടിയില്ലെന്നാണ് അഖിൽ പറയുന്നത്. ''ഒരു പാർട്ടിയോടും ആഭിമുഖ്യമില്ല. ഞാൻ എന്റെ പാതയിൽ എഴുതിക്കൊണ്ടിരിക്കും. നിലവാരം എഴുത്തിലൂടെ ഉയർത്തും. ജി.ആർ.ഇന്ദുഗോപനും,എസ്.ഹരീഷുമടക്കമുള്ളവർ അഭിനന്ദനങ്ങളോടെ ചേർത്തുനിറുത്തുന്നതിൽ സന്തോഷമുണ്ട്'' അഖിൽ പറഞ്ഞു.