കൊഹ്‌ലിയുടെ റെക്കാർഡ് മറികടന്നതിന് പിന്നാലെ ഗിൽ പുറത്ത്; പന്തിനും സെഞ്ച്വറി, 450 കടന്ന് ഇന്ത്യൻ സ്‌കോർ

Saturday 21 June 2025 5:22 PM IST

ലീഡ്സ്: ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ റെക്കാർഡ് നേട്ടത്തിന് പിന്നാലെ പുറത്തായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. 227 പന്തിൽ 147 റൺസ് നേടി ഗിൽ പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും സെഞ്ച്വറി നേടി (134) പുറത്തായി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കരുത്തുറ്റ മത്സരമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

നായകനായി ആദ്യ മത്സരം കളിക്കുന്ന ശുഭ്‌മാൻ ഗിൽ മുൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ (141) റെക്കാർഡ് മറികടന്നു.1951 ൽ ഇംഗ്ലണ്ടിനെതിരെ 164 റൺസ് നേടിയ വിജയ് ഹസാരെയ്ക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ ശുഭ്‌മാൻ ഗിൽ. വിരാട് കൊഹ്ലിയേയും വിജയ് ഹസാരെയും കൂടാതെ സുനിൽ ഗവാസ്‌കറും മുമ്പ് ഇത്തരത്തിൽ സെഞ്ച്വറി നേടിയിരുന്നു.

അതേസമയം, രണ്ടാം ദിനം ആദ്യ സെഷനിൽ ഇന്ത്യ മികച്ച പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. റിഷഭ് പന്ത് തന്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറി തികച്ചു. ശ്രദ്ധേയമായ ഇന്നിംഗ്സായിരുന്നു ഇത്. 146 പന്തുകളിൽ നിന്ന് 10 ഫോറും, നാല് സിക്സറുകളുമടങ്ങിയതാണ് പന്തിന്റെ സെഞ്ച്വറി നേട്ടം. ഇംഗ്ലണ്ടിൽ ഇത് പന്തിന്റെ മൂന്നാമത്തെ സെഞ്ച്വറി നേട്ടമാണ്. ഇതോടെ എംഎസ് ധോണിയുടെ നേട്ടത്തെ മറികടന്നിരിക്കുകയാണ് റിഷഭ് പന്ത്.