കക്കയം പൊലീസ് ക്യാമ്പ് ഇന്നില്ല, രാജന്റെ സ്തൂപം ബാക്കി
കോഴിക്കോട്: രാജന്റെ ചോരവീണ് കുതിർന്ന, നിലവിളി കേട്ട് മരവിച്ച ചുവരുകളോ, അതിന്റെ ശേഷിപ്പുകളോ ഇന്ന് കക്കയത്തില്ല. അടിയന്തരാവസ്ഥക്കാലത്തും ശേഷവും കേരളത്തെ ഇളക്കിമറിച്ച കുപ്രസിദ്ധമായ കക്കയം പൊലീസ് ക്യാമ്പ് നിന്നിടത്ത് കെ.എസ്.ഇ.ബി കെട്ടിടങ്ങളായി. രാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയ താത്കാലിക പൊലീസ് സ്റ്റേഷനുമില്ല. അവിടെ പടർന്നുപന്തലിച്ച വാകമരം മാത്രമുണ്ട്. അതിൽ ബാക്കിയുണ്ടെന്ന് പറയാൻ രാജനെ മെഡിക്കൽപരിശോധന നടത്തിയ ആശുപത്രിയുടെ ഒരു ഷെഡുമാത്രം. അവിടെനിന്ന് 14കിലോമീറ്ററകലെ ചെങ്കുത്തായ മലനിരകളിൽ രാജന്റെ മൃതദേഹം പഞ്ചസാരയിട്ട് കത്തിച്ച് ഒഴുക്കിയെന്നു പറയപ്പെടുന്ന ഉരക്കുഴിവെള്ളച്ചാട്ടം ഇപ്പോഴും കലിതുള്ളി ഒഴുകുന്നു.
വർഷം 50 കഴിഞ്ഞിട്ടും കോഴിക്കോട്ടെ കിഴക്കൻ മലയോരമായ കക്കയത്തെ അങ്ങാടിയിൽ ദുരൂഹതകൾ ബാക്കിവച്ച് രാജന്റെ പ്രതിമ മാത്രമുണ്ട്. അതിന്റെ പരിസരങ്ങളായിരുന്നു രാജന്റെ ഉരുട്ടിക്കൊലയ്ക്ക് സാക്ഷ്യം വഹിച്ചത്. ഇന്ന് പഴയ ഓർമകൾ ശേഷിക്കുന്നവർപോലും വിരലിലെണ്ണാവുന്നത്. കക്കയത്തുകാരുടെ പൊലീസ്‌സ്റ്റേഷൻ ഇപ്പോൾ കൂരാച്ചുണ്ടിലാണ്.
കാലിക്കറ്റ് റീജിയണൽ എൻജിനിയറിംഗ് കോളേജിലെ (ഇപ്പോൾ എൻ.ഐ.ടി കാലിക്കറ്റ്) വിദ്യാർത്ഥിയായ പി. രാജനെ ഹോസ്റ്റൽ മുറിയിൽ നിന്ന് സഹ വിദ്യാർത്ഥി ജോസഫ് ചാലിക്കൊപ്പം കേരള പൊലീസ് അറസ്റ്റ് ചെയ്തതും കക്കയത്തെ പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയതും മാത്രമുണ്ട് രേഖകളിൽ.
പൊലീസുകാർ കാലിച്ചാക്ക് ആവശ്യപ്പെട്ടു
കക്കയത്തെ റിട്ട.കെ.എസ്.ഇ.ബി എൻജിനിയറുടെ ഓർമ്മകളിൽ ' രാജനടക്കം നിരവധി പേരെയാണ് ഇവിടുത്തെ ക്യാമ്പിലെത്തിച്ചത്. നക്‌സലൈറ്റ് വേട്ടയുടെ പേരിൽ വേണുവടക്കമുള്ളവരെക്കുറിച്ച് വിവരങ്ങൾ തേടലായിരുന്നു ഉദ്ദേശ്യം. രാജനെ ഉരുട്ടിക്കൊന്നെന്ന് പറയുന്ന ക്യാമ്പിന് മുകളിലത്തെ വീട്ടിൽ നിന്നാണ് ഇതിനായി ഉലക്ക വാങ്ങിയതെന്ന് കേട്ടിട്ടുണ്ട്.."
ചാത്തമംഗലത്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ കാനങ്ങോട്ട് രാജൻ എഴുതിയ പുസ്തകത്തിൽ ' രാജൻ ഉരുട്ടലിന് വിധേയമായ ദിവസം അതേ ക്യാമ്പിൽ താനും ഉണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. 'കക്കയം ഇൻസ്‌പെക്ടർ ബംഗ്ലാവിലെ വാച്ച്‌മാനോട് പൊലീസുകാർ കാലിച്ചാക്ക് ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആ ചാക്കിലാണ് രാജന്റെ മൃതദേഹം കൊണ്ടുപോയിട്ടുണ്ടാവുക. രാജനൊപ്പം പിടിച്ച ചാലിയെയാണ് ആദ്യം ഉരുട്ടിയത്. ആ സമയത്ത് രാജനെ ചുമരിനോടു ചേർത്ത് നിറുത്തി അടിച്ചു. പിന്നീട് ക്രൂരമായ ഉരുട്ടലിന് രാജനും വിധേയമായി. ഒരു ബെഞ്ചിൽ മലർത്തിക്കിടത്തി കൈകൾ വലിച്ചുകെട്ടിയായിരുന്നു ഉരുട്ടൽ. തല ബെഞ്ചിനു താഴേക്ക് തൂങ്ങിക്കിടന്നു. വായിൽ തുണിവച്ചു. കുറച്ചുസമയം കൊണ്ടുതന്നെ രാജൻ ബോധരഹിതനായി. അപ്പോഴേക്കും തങ്ങളെയെല്ലാം റുമിൽ നിന്നും മാറ്റി...'കെ.രാജന്റെ പുസ്തകത്തിൽ പറയുന്നു.