തിരുവനന്തപുരത്ത് വീട്ടിനുള്ളിൽ  ഫ്രിഡ്‌ജ്  പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂര്‍ണമായും കത്തിനശിച്ചു

Saturday 21 June 2025 8:21 PM IST

തിരുവനന്തപുരം: കാര്യവട്ടത്തെ വീട്ടിനുള്ളിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. പൊട്ടിത്തെറിയില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു. കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് ഇവര്‍ പുറത്തിറങ്ങി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഈ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇതിനാല്‍ ആളപായമുണ്ടായില്ല. കഴക്കൂട്ടത്ത് നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്.ഷോർട്ട് സർക്യൂട്ടോ ഫ്രിഡ്ജിനുള്ളിലെ വെെദ്യുത ബന്ധത്തിനുണ്ടായ തകരാറോ ആയിരിക്കാം അപകടത്തിന്റെ പ്രാഥമിക കാരണമെന്നാണ് നിഗമനം.