മണ്ണെണ്ണ വിതരണം: ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി റേഷൻ വ്യാപാരികൾ

Sunday 22 June 2025 12:56 AM IST

കൊച്ചി: സംസ്ഥാനത്ത് രണ്ടുവർഷമായി മുടങ്ങിയ മണ്ണെണ്ണ വിതരണം ഇന്നലെ പുന:രാരംഭിക്കുമെന്ന സർക്കാർ പ്രഖ്യാപനം ജില്ലയിൽ നടപ്പായില്ല.

പ്രഖ്യാപനത്തെ തുടർന്ന് റേഷൻ കടക്കാർക്ക് ഇന്നലെ അന്വേഷണ പ്രവാഹമായിരുന്നു. മണ്ണെണ്ണ വാങ്ങാൻ നേരിട്ടെത്തിയവരും ഏറെ. ഇരുമ്പനം ബി.പി.സി.എല്ലിൽ നിന്നാണ് മണ്ണെണ്ണ വിതരണത്തിനെത്തേണ്ടത്. എന്നാൽ ഇന്നലെ ഒരു ടാങ്കർ പോലും റേഷൻ വിതരണത്തിനായി ലോഡെടുത്തിട്ടില്ല.

മണ്ണെണ്ണ വാതിൽപ്പടിയായി എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് റേഷൻ വ്യാപാരികൾ. വിഷയം പലവട്ടം സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല തീരുമാനമില്ലാത്തതിനാലാണിത്. ഭാരിച്ച ചെലവും സ്വന്തം നിലയ്ക്ക് മണ്ണണ്ണ എത്തിക്കുന്നതിലെ നിയമ തടസവുമാണ് കാരണം.

സംസ്ഥാനത്ത് 200ൽ പരം മണ്ണെണ്ണ ഡീലർമാർ ഉണ്ടായിരുന്നത് നൂറോളമായി. 2002ലെ പെട്രോളിയം ചട്ടങ്ങൾ പ്രകാരമാണ് കളക്ടർമാർ ലൈസൻസ് പുതുക്കുന്നത്. പുതിയ ലൈസൻസ് ലഭിക്കാൻ പൊലീസ്, തഹസിൽദാർ, ഫയർഫോഴ്സ് എന്നിവർ നൽകുന്ന എൻ.ഒ.സി വേണം. രണ്ട് വർഷം മുമ്പ്, കണയന്നൂർ താലൂക്കിൽ മാത്രം അഞ്ച് ഡീലർമാർ ഉണ്ടായിരുന്നത്. ഇപ്പോൾ ജില്ലയിൽ തന്നെ മൊത്തവിതരണ കേന്ദ്രങ്ങൾ അഞ്ചിൽ താഴെയായി.

മണ്ണെണ്ണ വിതരണവും വിഹിതവും മുൻഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പി.എച്ച്.എച്ച്., എ.എ.വൈ.) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. ഇവർക്ക് മൂന്നു മാസം കൂടുമ്പോൾ അര ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുക. എ.എ.വൈ. കാർഡ് ഉടമകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണ 61 രൂപ നിരക്കിൽ ലഭിക്കും. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡ് ഉടമകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ചില്ലറ വ്യാപാരിക്ക് 10 മുതൽ 50 ലിറ്റർ വരെയാണ് അലോട്ട്‌മെന്റ് ലഭിക്കുന്നത്. ബാഷ്പീകരണ നഷ്ടവും പരിഗണിക്കണമെന്നും ആവശ്യമുണ്ട്.

 വിഹിതവും കുറഞ്ഞു കേരളത്തിനുള്ള ഗാർഹിക മണ്ണെണ്ണയുടെ വിഹിതം 2024-25ൽ 780 കിലോ ലിറ്ററായി കുറച്ചിരുന്നു. അതിനു മുൻവർഷം 1944 കിലോ ലിറ്ററായിരുന്നു. മത്സ്യബന്ധനമേഖലയ്ക്ക് ലഭിച്ചത് 650 കിലോലിറ്റർ മാത്രം. തികയാത്തത് പൊതുവിപണിയിൽ നിന്ന് ഇരട്ടിവിലയ്ക്കാണ് വാങ്ങുന്നത്. സംസ്ഥാനത്ത് എല്ലാ മുൻഗണനാ കാർഡുടമകൾക്കും നൽകാൻ വേണ്ടത് 8000 കിലോലിറ്റർ. മത്സ്യബന്ധന ബോട്ടുകൾക്ക് 30,000 കിലോലിറ്റർ. റേഷൻ മണ്ണെണ്ണ ലിറ്ററിന് വില 73 രൂപവരെ. പൊതുവിണിയിൽ 125 രൂപവരെ.

ലഭിക്കുന്ന മണ്ണെണ്ണ വിഹിതം

സമ്പത്തിക വർഷം വിഹിതം ( കിലോലിറ്റർ) • 2018-19 - 12,000 • 2019-20 - 15,108 • 2020-21 -15,108 • 2021-22 -21,888 • 2022-23 -7,160 • 2023-24 -3,300 • 2024-25 -1,248

( കേന്ദ്രസർക്കാർ വിഹിതം- മത്സ്യബന്ധന മേഖലയ്ക്ക്)

വാതിൽപ്പടിയായി മണ്ണെണ്ണ എത്തിക്കണം. സർക്കാരിനെ പലവട്ടം വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല തീരുമാനമുണ്ടായില്ല.

രാജു നാരായണൻ

കണയന്നൂർ താലൂക്ക് സെക്രട്ടറി

ഓൾ കേരള റേഷൻ

ഡീലേഴ്സ് അസോസിയേഷൻ