സ്ഥാനക്കയറ്റത്തിന് വ്യാജ പി.എസ്.സി സർട്ടിഫിക്കറ്റ്(ഡെക്ക് അച്ചടിവകുപ്പിലെ ക്ള‌ർക്ക് കുടുങ്ങി

Sunday 22 June 2025 12:00 AM IST

തിരുവനന്തപുരം: അച്ചടിവകുപ്പിൽ സ്ഥാനക്കയറ്റത്തിനായി വ്യാജ പി.എസ്.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയ എൽ.ഡി ക്ലർക്കിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. അച്ചടിവകുപ്പ് ഡയറക്ടറേറ്റിലെ മുഹമ്മദ് ഷഫീഖിനെതിരെയാണ് ഡയറക്ടർ അമീർ സി.എ നൽകിയ പരാതിയിൽ കേസെടുത്തത്.

ഭരണകക്ഷി യൂണിയനിലെ പ്രവർത്തകനായ ഇയാൾ സ്വാധീനമുപയോഗിച്ചാണ് തരികിട നടത്തിയത്.

വ്യാജരേഖ ചമക്കൽ, വഞ്ചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ മുഹമ്മദ് ഷഫീഖിനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

യു.ഡി ക്ലർക്ക് പ്രമോഷനായി 2019ൽ പി.എസ്.സി നടത്തിയ വകുപ്പുതല പരീക്ഷയിലെ നാലു വിഷയങ്ങളും വിജയിച്ചതായി കാണിച്ചുള്ള വ്യാജ സർട്ടിഫിക്കറ്റിന്റെ പകർപ്പ് മാസങ്ങൾക്കു മുമ്പാണ് മുഹമ്മദ് ഷഫീഖ് ഹാജരാക്കിയത്. സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കാതെ ഡ‍യറക്ടറേറ്റിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റിന് പകർപ്പ് നൽകി വ്യാജ സർട്ടിഫിക്കറ്റ് ‘ഒറിജിനലാണെന്ന്’ സാക്ഷ്യപ്പെടുത്തി വാങ്ങുകയായിരുന്നു. രണ്ടാഴ്ചമുമ്പ് പ്രമോഷൻ നടപടികൾ ആരംഭിക്കുന്നതിനായി പരിശോധിച്ചപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ പൊലീസ് അന്വേഷണത്തിലേ ശരിയായ വിവരങ്ങൾ പുറത്തുവരു.

 രണ്ടെണ്ണം തോറ്റു, രണ്ട് എഴുയില്ല

കേരള ഫിനാഷ്യൽ കോഡ് (പാർട്ട് ഒന്ന്) രണ്ടാം പേപ്പർ, കേരള ട്രഷറി കോഡ് (രണ്ടാം ഭാഗം) രണ്ടാം പേപ്പർ, കേരള സർവിസ് റൂൾ (രണ്ടാം ഭാഗം) രണ്ടാം പേപ്പർ, ഇൻഡ്രഡക്ഷൻ ടു ഇന്ത്യൻ ഗവൺമെന്റ് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് (രണ്ടാം ഭാഗം) തുടങ്ങിയ വിഷയങ്ങളെല്ലാം വിജയിച്ച സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. ഗവ. സെൻട്രൽ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് (ജനറൽ) ഇൻ ചാർജ് ബിനീഷ് കുമാർ നടത്തിയ പരിശോധയിൽ കേരള ട്രഷറി കോഡ്, കേരള സർവിസ് റൂൾ പരീക്ഷകളിൽ പരാജയപ്പെട്ട ഇയാൾ മറ്റ് രണ്ട് പരീക്ഷകൾ എഴുതിയിട്ടില്ലെന്നും കണ്ടെത്തി. കുടുംബപ്രശ്നങ്ങളെ തുടർന്ന് മറ്റൊരു ഓഫീസിലേക്ക് സ്ഥലം മാറ്റം നേടുന്നതിനു വേണ്ടിയാണ് മുഹമ്മദ് ഷെഫീക്ക് വ്യാജ രേഖകൾ തയ്യാറാക്കി സമർപ്പിച്ചതെന്നാണ് സെൻട്രൽ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് അച്ചടി വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.