രാജ്ഭവനിലെ യോഗദിനത്തിലും ഭാരതാംബയുടെ ചിത്രം
Sunday 22 June 2025 1:21 AM IST
തിരുവനന്തപുരം: രാജ്ഭവനിലെ യോഗ ദിനാചരണത്തിലും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഗവർണർ. രാജ്ഭവനിലെ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ സംസ്ഥാന സർക്കാരും ഇടതുമുന്നണിയും പ്രതിഷേധിക്കുന്നതിനിടെയാണ് യോഗദിനമുൾപ്പെടെയുള്ള ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചത്.
ആയുർവേദം പോലെ ഭാരതം ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് യോഗയെന്ന് ഗവർണർ ആർ.വി. ആർലേക്കർ പറഞ്ഞു.
ഏക ഭൂമി ഏക ആരോഗ്യത്തിന് യോഗ എന്നതാണ് ഇത്തവണത്തെ സന്ദേശം. ദിവസവും ഒരുമണിക്കൂർ യോഗ ചെയ്താൽ ചിന്തയും മനസും ശുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് രാജ്ഭവനിലെ യോഗാ പരിശീലനത്തിലും അദ്ദേഹം പങ്കെടുത്തു. വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗ ദിനാചരണത്തിന്റെ ലൈവ് സംപ്രേക്ഷണവും രാജ്ഭവനിൽ പ്രദർശിപ്പിച്ചു.