മുത്തൂറ്റ് മിനി എ.എം.യു 4141.60 കോടി രൂപയിൽ

Sunday 22 June 2025 12:38 AM IST

കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ വരുമാനം 21.3 ശതമാനം വളർച്ചയോടെ 815.15 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷമിത് 671.84 കോടി രൂപയായിരുന്നു. സ്വർണ വായ്പ ബിസിനസിലെ തുടർച്ചയായ വളർച്ചയാണിത്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 17.57 ശതമാനം വാർഷിക വളർച്ചയോടെ 4141.60 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷമിത് 3,522.77 കോടി രൂപയായിരുന്നു.അറ്റാദായം 21 ശതമാനം വർദ്ധനയോടെ 94.18 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ 77.83 കോടി രൂപയായിരുന്നു. മൊത്തം നിഷ്ക്രിയ ആസ്തികൾ 0.85 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തികൾ 0.50 ശതമാനമായും നിലനിർത്തി. മുത്തൂറ്റ് മിനിയുടെ മൂലധന പര്യാപ്തതാ അനുപാതം 21.38 ശതമാനം എന്ന ശക്തമായ നിലയിലാണ്. ഈ കാലയളവിൽ കമ്പനിയുടെ ദീർഘകാല വായ്പകൾക്ക് ഐ.സി.ആർ.എ 'എ' (സ്റ്റേബിൾ)' റേറ്റിംഗ് നൽകി.

മുത്തൂറ്റ് മിനി 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 948 ശാഖകളിലൂടെ സേവനം നൽകുന്നു. 5,000ലധികം ജീവനക്കാരുടെ പിന്തുണയോടെ 25 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് സേവനം ലഭ്യമാക്കുന്നത്.