പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്
Sunday 22 June 2025 12:39 AM IST
കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെ മൂന്ന് മാസത്തിൽ രാജ്യത്തെ പ്രത്യക്ഷ നികുതി സമാഹരണം 1.39 ശതമാനം ഇടിഞ്ഞ് 4.59 ലക്ഷം കോടി രൂപയായി. അഡ്വാൻസ് നികുതി അടവിലെ തളർച്ചയാണ് തിരിച്ചടിയായത്. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 18 വരെ 1.56 ലക്ഷം രൂപയാണ് അഡ്വാൻസ് നികുതിയായി ലഭിച്ചത്. മുൻവർഷം ഇതേകാലയളവിൽ അഡ്വാൻസ് നികുതിയിൽ 27 ശതമാനം വർദ്ധനയുണ്ടായിരുന്നു. കോർപ്പറേറ്റ് നികുതി ഇനത്തിലെ തുക അഞ്ച് ശതമാനം കുറഞ്ഞ് 1.73 ലക്ഷം കോടി രൂപയായി. അതേസമയം പ്രൊഫഷണൽ ആദായ നികുതി ഉൾപ്പെടെയുള്ള കോർപ്പറേറ്റ് ഇതര നികുതി സമാഹരണം 0.7 ശതമാനം ഉയർന്ന് 2.73 ലക്ഷം കോടി രൂപയായി. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ നികുതി 12 ശതമാനം വർദ്ധനയോടെ 13,013 കോടി രൂപയായി.