തരൂർ ലക്ഷ്‌മണരേഖ ലംഘിച്ചാൽ നടപടി : കെ.സി.വേണുഗോപാൽ

Sunday 22 June 2025 1:39 AM IST

ആലപ്പുഴ : ശശിതരൂർ ലക്ഷ്മണരേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.

കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. ശശി തരൂർ കോൺഗ്രസിന്റെ അവിഭാജ്യ ഘടകവുമാണ്. കോൺഗ്രസ് സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന പാർട്ടിയല്ലെന്നും അദ്ദേഹത്തിന് വിദേശത്ത് പോകുന്നതിനൊന്നും തടസമില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ഭാരതാംബ ചിത്രവിവാദത്തിലൂടെ രാജ്ഭവനെ ഗവർണർ വിവാദകേന്ദ്രമാക്കി. പദവിയുടെ വിലകളഞ്ഞ ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ഷേമപെൻഷന് എല്ലാവർക്കും അവകാശമുണ്ട്. കുടിശ്ശികയാക്കി വയ്ക്കുന്ന പെൻഷൻ തുക തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താൻ വിമർശിച്ചത്. പെൻഷൻ ജൂൺ 20മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് നിലമ്പൂരിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് . തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് നടന്നത്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും പരാതി നൽകുന്നത് ആലോചിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.