ഭാരതാംബ വിവാദം; കമ്മ്യൂണിസ്റ്റുകാർക്ക് രാജ്യത്തോട് കൂറില്ല: വി. മുരളീധരൻ

Sunday 22 June 2025 1:44 AM IST

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനെതിരായ വിവാദം രാജ്യത്തോട് കൂറില്ലെന്ന കമ്യൂണിസ്റ്റുകാരുടെ പ്രഖ്യാപനമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.

ഭാരതമാതാവിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഹേളനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുവനന്തപുരം സിറ്റി ജില്ലയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ഭാരതമാതാവിന്റെ ചിത്രത്തിന് മുന്നിൽ നടന്ന പുഷ്പാർച്ചനയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചൈന ചങ്കിലുള്ള കൂട്ടർക്ക് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നത് ഇഷ്ടപ്പെടില്ല. ഭാരതം ചങ്കിലുള്ളവർ ഇനിയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ഭാരതത്തിലെ വിവിധ നഗരങ്ങളിൽ ഭാരത് മാതാ മന്ദിറുകളുണ്ട്. വിവാദത്തിന്റെ അടിസ്ഥാനം നിലമ്പൂർ ഉപതിരഞ്ഞെടുപ്പാണ്. ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ കാണിക്കുന്ന നാടകമാണ് ഇതെല്ലാം. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടിനായി ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കുകയാണ് സി.പി.എം സർക്കാർ.

ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈനയോട് പ്രതിബദ്ധത കാണിച്ചയാളാണ് കമ്യൂണിസ്റ്റ് താത്വികാചാര്യൻ. ഭരണഘടന ഉയർത്തിക്കാണിക്കുന്ന വി.ശിവൻകുട്ടി നിയമസഭയിൽ കാണിച്ചത് എന്തെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.