അദ്ധ്യാപക പുനർനിയമനത്തിന് കൈക്കൂലി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അറസ്റ്റിൽ

Sunday 22 June 2025 12:48 AM IST

കോട്ടയം: അദ്ധ്യാപകർക്ക് പുനർനിയമനം നൽകുന്നതിനായി കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മൂതല സ്വദേശി സുരേഷ് ബാബുവിനെയാണ് വിജിലൻസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം. കോട്ടയത്തെ മൂന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നതിന് 1.5 ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇടനിലക്കാരനായ കോഴിക്കോട് വടകര സ്വദേശിയും വടകര കെ.എൽ.എൽ.പി സ്‌കൂളിലെ മുൻ ഹെഡ് മാസ്റ്ററുമായിരുന്ന കെ.പി. വിജയനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരനെ സുരേഷ് തൈക്കാടുള്ള ക്വാർട്ടേഴ്‌സിന് സമീപം വിളിച്ച് വരുത്തി ഉത്തരവിന്റെ പകർപ്പ് നൽകിയ ശേഷം കൈക്കൂലി വിജയനെ ഏൽപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.