നടൻ ജഗതി തൊട്ടരികിൽ സന്തോഷം പങ്കിട്ട് മുഖ്യമന്ത്രി

Sunday 22 June 2025 12:08 AM IST

തിരുവനന്തപുരം: 'സുഖമാണോ?' തോളിൽ തട്ടി വിശേഷം ചോദിച്ച ആളെ ജഗതി ശ്രീകുമാർ തിരിച്ചറിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ. നേർത്ത ചിരിയോടെ അതെയെന്ന് തലയാട്ടി. തിരുവനന്തപുരത്തു നിന്നുള്ള ഇൻഡിഗോ വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോഴാണ് തൊട്ടു മുന്നിലെ സീറ്റിൽ ജഗതി ഇരിക്കുന്നത് ശ്രദ്ധിച്ചത്. തുടർന്നായിരുന്നു കുശലാന്വേഷണം. ''കയറിയപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല, ഇപ്പോഴാണ് കണ്ടത്''- മുഖ്യമന്ത്രി പറഞ്ഞു.

13 വർഷത്തിനു ശേഷം ആദ്യമായി 'അമ്മ'യുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാനാണ് ജഗതി ശ്രീകുമാർ കൊച്ചിയിലെത്തിയത്. അപ്രതീക്ഷിതമായി ജഗതിയെ കണ്ട സന്തോഷം മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചത് ഇങ്ങനെ: '' ഇന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടു. സുഖവിവരങ്ങൾ അന്വേഷിച്ചു.""

2012 മാർച്ച് 10ന് തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ ദേശീയപാതയിൽ വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശേഷം 'അമ്മ'യുടെ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

അപകടത്തെത്തുടർന്ന് സിനിമകളിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. അതിനിടെ 2022ൽ 'സി.ബി.ഐ 5: ദി ബ്രെയിൻ' എന്ന ചിത്രത്തിൽ അഭിനയിച്ചു. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന 'വല' എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്. അങ്കിൾ ലൂണ എന്നറിയപ്പെടുന്ന പ്രൊഫസർ അമ്പിളി എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്.