പത്തനംതിട്ട നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസം
പത്തനംതിട്ട : നഗരത്തിൽ കെ.എസ്.ആർ.ടി.സി റോഡിന് സമീപ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമെത്തിയിട്ട് ഒരു മാസം. ബി.എസ്.എൻ.എല്ലും നിരവധി വ്യാണിജ്യ സ്ഥാപനങ്ങളും ക്ഷേത്രവുമടക്കം ഇവിടെയുണ്ട്. പരാതികൾ നൽകിയിട്ടും അധികൃതർ കണ്ട മട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് വെള്ളം മുടങ്ങിയത്.
നാൽപ്പത് വർഷം മുമ്പുള്ള പൈപ്പുകൾ
രണ്ട് മാസം മുമ്പ് കെ.എസ്.ആർ.ടി.സിയുടെ സമീപം ഇരുപത് മീറ്റർ ഭാഗത്ത് പൈപ്പുലൈനിന്റെ നിർമ്മാണം നടന്നിരുന്നു. നാൽപ്പത് വർഷം മുമ്പുള്ള പൈപ്പുകളാണിതെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. പൈപ്പുകളെല്ലാം കേടുപാടുകൾ വന്ന് നശിച്ചവയാണ്. ഇത് പൂർണമായി മാറ്റിയാൽ മാത്രമേ പമ്പിംഗ് നടത്താനാകൂ. ഫണ്ടിന്റെ അപര്യാപ്ത കാരണമാണ് നിർമ്മാണം നടക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. ഇവിടെ റോഡിന്റെ നിർമ്മാണം കഴിഞ്ഞ മാസമാണ് പൂർത്തിയായത്.
ഒരുമാസമായി വെള്ളമില്ല. എല്ലാവർക്കും പരാതി നൽകി. ഇതുവരെ ഒരു തരത്തിലുള്ള നടപടിയും എടുത്തിട്ടില്ല. പകരം സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.
അഡ്വ. സി.കെ ബോസ്