ഉച്ചഭക്ഷണ മെനു കൊള്ളാം, തുക എവിടെ ? കോടതിയിലേക്ക് അദ്ധ്യാപകർ
കോഴിക്കോട് : കുട്ടികളെ കെെയിലെടുക്കാൻ സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു എത്തിയെങ്കിലും അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും എങ്ങനെയെത്തിക്കും എന്ന ആശങ്കയിലാണ് അദ്ധ്യാപകർ. ഫ്രെെഡ് റെെസും ബിരിയാണിയും വിവിധതരം കറികളുമുൾപ്പെടെ തയ്യാറാക്കാൻ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിയർക്കുകയാണ് പ്രധാനാദ്ധ്യാപകർ. ഇതൊക്കെ ആര് പാചകം ചെയ്യുമെന്ന ചോദ്യത്തിനും ഉത്തരമില്ല. കൂലിയും അലവൻസുമുൾപ്പടെ കുടിശ്ശികയായതോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിലെ നൂറോളം സ്കൂൾ പാചകതൊഴിലാളികളാണ് ജോലി ഉപേക്ഷിച്ചത്. ഇത്രയും നാളത്തെ മെനു പ്രകാരം ഭക്ഷണം നൽകാൻ വായ്പയെടുക്കേണ്ടി വന്ന പ്രധാനാദ്ധ്യാപകർക്ക് ആ തുക പോലും സർക്കാരിൽ നിന്ന് മുഴുവനായി ലഭിച്ചിട്ടില്ല. ഇതോടെ ആവശ്യമായ തുക ലഭ്യമാക്കാൻ കോടതിയിൽ പോകാനൊരുങ്ങുകയാണ് അദ്ധ്യാപക സംഘടനകൾ.
പുതുക്കിയ തുക ആവശ്യം
പുതുക്കിയ മെനു അനുസരിച്ച് ഭക്ഷണം നൽകുന്നതിന് പുതുക്കിയ തുകയും ആവശ്യമാണ്. ഫ്രൈഡ് റൈസും ബിരിയാണിയും വിവിധതരം കറികളും ഉൾപ്പെടെ ഭക്ഷണം നൽകുന്നതിന് നിലവിൽ എൽ.പി വിഭാഗത്തിൽ ഒരു കുട്ടിക്ക് അനുവദിച്ചിട്ടുള്ളത് 6 രൂപ 78 പൈസയും യു പി വിഭാഗത്തിന് 10 രൂപ 17 പൈസയുമാണ്. അനുവദിച്ചിട്ടുള്ള തുക പോലും മാസങ്ങളോളം കുടിശികയായി ഒടുവിൽ കോടതി ഇടപെട്ട് പരിഹാരം കാണുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം അടക്കമുള്ള ചെലവുകൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള തുക തികച്ചും അപര്യാപ്തമാണ്.
-- വേണം കൂടുതൽ പാചക തൊഴിലാളികൾ
500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതാണ് സർക്കാർ കണക്ക്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടിയപ്പോഴും
കാലാകാലങ്ങളിൽ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചപ്പോഴും തൊഴിലാളികളുടെ എണ്ണത്തിൽ മാറ്റമുണ്ടായില്ല. കൂലിയും കുടിശ്ശികയായതോടെ നിരവധിപേർ ജോലി ഉപേക്ഷിച്ചു. 2000 ത്തോളം തൊഴിലാളികളുണ്ടായിരുന്ന കോഴിക്കോട് ജില്ലയിൽ ഇപ്പോഴുള്ളത് 1404 പേർ. ഇതോടെ പാചകതൊഴിലാളികളെ കണ്ടെത്തേണ്ട ഉത്തരാവാദിത്വം കൂടെ അദ്ധ്യാപകർ ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. 100 കുട്ടികൾക്കുമുകളിലുള്ള സ്കൂളുകളിൽ രണ്ട് തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ അദ്ധ്യാപക സംഘടനകളുൾപ്പെടെ ആവശ്യം ശക്തമാണ്.
''ഉച്ചഭക്ഷണ തുക സംബന്ധിച്ച് സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരുകയാണ്. മെനു സംബന്ധിച്ച് പരാതികളില്ല. എങ്ങനെ നടത്തുമെന്നതാണ് പ്രശ്നം. പൂർവ വിദ്യാർത്ഥി സംഘടനകളുടെയുൾപ്പെടെ സഹായത്തിലാണ് നിലവിൽ ഉച്ചഭക്ഷണത്തിനാവശ്യമായ തുക കണ്ടെത്തുന്നത്. ഇതൊന്നും ശാശ്വതമല്ല. എത്രയും പെട്ടെന്ന് ഉച്ചഭക്ഷണ വിതരണം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം.
- ടി.ടി ബിനു, അദ്ധ്യാപകൻ, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ്